മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയ ശുഭ്മാന്‍ ഗില്ലിന് പോലും ടീമില്‍ ഇടമില്ല. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകനാകുമെന്ന് വിലയിരുത്തപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയെയും തഴഞ്ഞു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയില്‍ കളിക്കുന്നതിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസുകളില്‍ ഒന്ന് അക്ഷര്‍ പട്ടേലിന്റെ ഉപനായക സ്ഥാനമാണ്. നന്നായി കളിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഇനി ആരും സുരക്ഷിതരല്ലെന്ന സന്ദേശമാണ് അജിത് അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന സിലക്ഷന്‍ കമ്മിറ്റിയിലൂടെ ബിസിസിഐ നല്‍കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ, ഐപിഎലില്‍ ഉള്‍പ്പെടെ നായകമികവു പ്രകടമാക്കിയിട്ടുള്ള മലയാളി താരം സഞ്ജു സാംസണും ടീമിലുള്ളപ്പോഴാണ് അക്ഷര്‍ പട്ടേലിനെ ടീമിന്റെ ഉപനായകനായി സിലക്ഷന്‍ കമ്മിറ്റി അവരോധിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം വെറ്ററന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു സര്‍പ്രൈസ്. അതും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് വിശ്രമത്തില്‍ തുടരുന്ന സാഹചര്യത്തില്‍.

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഉപനായകനായി നിയോഗിച്ചതെന്നു കരുതുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ശുഭ്മന് ഗില്ലിനെയാണ് സിലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനായി നിയോഗിച്ചിരുന്നത്. ഇത്തവണ ഗില്ലിന് ടീമില്‍ ഇടംപോലും നഷ്ടമായതോടെയാണ് അക്ഷര്‍ പട്ടേലിന്റെ വരവ്.

ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം നടന്ന ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി20 പരമ്പരകളിലേക്കും ശുഭ്മന്‍ ഗില്ലിനെ പരിഗണിക്കാതിരുന്ന സിലക്ടര്‍മാര്‍, ഈ പരമ്പരകളില്‍ വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് സൂര്യകുമാര്‍ നയിക്കുന്ന ടീമിന്റെ ഉപനായകനായി അക്ഷര്‍ പട്ടേലിനെ പ്രഖ്യാപിച്ച് ബിസിസിഐ നാടകീയ നീക്കം നടത്തിയത്.

ട്വന്റി20 ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍നിന്ന് 92 റണ്‍സാണ് അക്ഷര്‍ പട്ടേല്‍ നേടിയത്. ഫൈനലില്‍ ദക്ഷണാഫ്രിക്കയ്ക്കെതിരെ 31 പന്തില്‍ നേടിയ 47 റണ്‍സും ഇക്കൂട്ടത്തിലുണ്ട്. ഇതിനു പുറമേ എട്ടു മത്സരങ്ങളില്‍നിന്ന് അക്ഷര്‍ ഒന്‍പതു വിക്കറ്റും സ്വന്തമാക്കി. ഇതില്‍ പാക്കിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ ബോളിങ് പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ മികച്ച പ്രകടനം നടത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന സെലക്ടര്‍മാര്‍ താരങ്ങള്‍ക്ക് നല്‍കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിന് ഒരുങ്ങുമ്പോള്‍ ഒട്ടേറെ യുവതാരങ്ങള്‍ ട്വന്റി 20 ടീമിലൂടെ സ്വന്തം ഇരിപ്പിടം ഉറപ്പിക്കുന്നതിന്റെ സൂചനയുമുണ്ട്.

മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മയെയും തിലക് വര്‍മയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹര്‍ഷിത് റാണയെയും ടീമില്‍ നിലനിര്‍ത്തിയ സെലക്ടര്‍മാര്‍ യശ്വസി ജയ്‌സ്വാളിനെ തിരികെ വിളിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ചാമ്പ്യന്‍സ് ട്രോഫി മുന്നിലുള്ളതിനാല്‍ യുവതാരത്തിന് വിശ്രമം അനുവദിച്ചതാകാനാണ് സാധ്യത. അതേ സമയം ഋഷഭ് പന്തിനെയും ജിതേഷ് ശര്‍മയെയും ഒഴിവാക്കി സഞ്ജു സാംസണും ധ്രുവ് ജുറേലും ടീമില്‍ ഇടം നിലനിര്‍ത്തി.

മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടമുറപ്പിച്ചതോടെ, ഋഷഭ് പന്ത് പുറത്തായതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ഹൈലൈറ്റ്. ഏറ്റവും ഒടുവില്‍ കളിച്ച ഏഴ് ട്വന്റി20 മത്സരങ്ങളില്‍നിന്ന് മൂന്നു സെഞ്ചറികള്‍ ഉള്‍പ്പെടെ നേടിയ പ്രകടനമാണ് സഞ്ജുവിനെ ടീമില്‍ സ്ഥിരാംഗമാക്കിയത്. ധ്രുവ് ജുറേലിനെ രണ്ടാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതോടെ, ജിതേഷ് ശര്‍മയ്ക്കും ടീമിലെ സ്ഥാനം നഷ്ടമായി.

ഇന്ത്യന്‍ ടീം ഇങ്ങനെ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിങ്ടന്‍ സുന്ദര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)