ന്യൂഡല്‍ഹി: 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ക്യാപ്റ്റനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ നിയമിച്ചു. 2019 മുതല്‍ ഋഷഭ് പന്തായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍. എന്നാല്‍ മെഗാ താരലേലത്തില്‍ പന്തിന് പകരക്കാരനായി കെ. എല്‍ രാഹുലിനെ ടീമില്‍ എടുത്തിരുന്നു. എന്നാല്‍ രാഹുല്‍ ക്യാപ്റ്റനാകാന്‍ ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് അക്‌സറിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. 31 കാരനായ അക്‌സര്‍ ഏഴ് സീസണുകളായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന അംഗമാണ്.

2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിശ്വസ്ഥനായ ഓള്‍റൗണ്ടറാണ് അക്‌സര്‍ പട്ടേല്‍. ഈ വര്‍ഷത്തെ മെഗാലേലത്തിന് മുന്നോടിയായി ഡെല്‍ഹി നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാളുമായിരുന്നു അക്‌സര്‍. കുല്‍ദീപ് യാദവ്, അഭിഷേക് പോറെല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് മറ്റ് മൂന്ന് പേര്‍. 18 കോടി നല്‍കിയാണ് അക്‌സറിനെ ഡല്‍ഹി നിലനിര്‍ത്തിയത്.

ഡല്‍ഹിക്ക് വേണ്ടി 82 മത്സരങ്ങളില്‍ പങ്കെടുത്ത താരം 967 റണ്‍സ് നേടിയിട്ടുണ്ട്. 7.09 എക്കോണമിയില്‍ നിന്നും 62 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ ടീമിലും പ്രധാനിയാകാന്‍ അക്‌സറിന് സാധിച്ചു. ഇന്ത്യ നേടിയ ട്വന്റി-20 ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യക്ക് വേണ്ടി മികച്ച സംഭാവന ചെയ്യാന്‍ അക്‌സറിന് സാധിച്ചു. ഡല്‍ഹിയുടെ നായകനാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ടീമിനെയും ആരാധകരെയും മാനേജമെന്റിനെയും നിരാശരാക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അക്‌സര്‍ ക്യാപ്റ്റന്‍ ആയതിന് ശേഷം പറഞ്ഞു.