- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം തുണയായി; റിതുരാജ് ഗെയ്ക്വാദിന് പകരക്കാരനെത്തി; 17-കാരനായ മുംബൈ താരം ആയുഷ് മഹാത്രെയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്
ചെന്നൈ: സീസണിൽ മോശം പ്രകടനം തുടരുന്നതിനിടെയാണ് ചെന്നൈ സൂപ്പർ കിങ്സിന് ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്‌വാദിനെ പരിക്ക് കാരണം നഷ്ടമായത്. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചും തോറ്റ ടീമിന് ഇന്നത്തെ മത്സരം നിർണായകമാണ്. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് മികച്ച ഫോമിലുള്ള ലക്‌നൗ സൂപ്പർ ജയൻറ്സാണ് ചെന്നൈയുടെ എതിരാളികൾ. ഇപ്പോഴിതാ പരിക്കേറ്റ സീസൺ തന്നെ നഷ്ടമാകാൻ സാധ്യതയുള്ള ഗെയ്ക്ക്‌വാദിന് പകരക്കാരനെ ടീമിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പതിനേഴുകാരനായ ആയുഷ് മഹാത്രെയെയാണ് ചെന്നൈ ടീമില്‍ ഉള്‍പ്പെടുത്തിയത്.
മോശം ഫോം തുടരുന്ന ചെന്നൈ ബാറ്റിങ് വിഭാഗം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഗെയ്ക്ക്‌വാദിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. രണ്ടാഴ്ചത്തെ ട്രയലിനു ശേഷമാണ് ആയുഷ് മഹാത്രെയെ ടീമിലെടുക്കാന്‍ ചെന്നൈ മാനേജ്‌മെന്റ് തീരുമാനിച്ചത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മാത്രെ ടീമിനൊപ്പമുണ്ടാവും. അതേസമയം, പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നത് ഉറപ്പില്ല. ഏപ്രിൽ 20 ന് വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി യുവ താരം ചെന്നൈ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒക്ടോബറിലാണ് മഹാത്രെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമാണ് മഹാത്രെയെ ചെന്നൈ ടീമിലെത്തിച്ചത്. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 504 റൺസ് താരം നേടിയിട്ടുണ്ട്. ഏഴ് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ 458 റൺസ് മഹാത്രെ ഇതിനകം നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരേ 148 റണ്‍സ് നേടിയതും താരത്തിന്റെ മികവിന് തെളിവാണ്. ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മാത്രെയെ ആരും ടീമിലെത്തിച്ചിരുന്നില്ല.