ഭോപ്പാൽ: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ബംഗ്ലാദേശ് പേസ് മുസ്തഫിസുർ റഹ്മാനെ ഉൾപ്പെടുത്തുകയാണെങ്കിൽ മത്സരങ്ങൾ തടസ്സപ്പെടുത്തുമെന്നും പിച്ചുകൾ തകർക്കുമെന്നും ഭീഷണി മുഴക്കി ഉജ്ജയിനിലെ പ്രാദേശിക മത നേതാക്കൾ. ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനു നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നീക്കം.

ഉജ്ജയിനിലെ റിൻമുക്തേശ്വർ മഹാദേവ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹാവീർ നാഥ് ഉൾപ്പെടെയുള്ള നേതാക്കളാണ് മാധ്യമങ്ങളിലൂടെ ഈ മുന്നറിയിപ്പ് നൽകിയത്. ബംഗ്ലാദേശിലെ സംഭവങ്ങളെ കണ്ടില്ലെന്ന് നടിച്ച്, അവിടുത്തെ കളിക്കാരെ ഇന്ത്യൻ മണ്ണിൽ കളിക്കാൻ അനുവദിക്കുന്ന അധികാരികളുടെ നടപടി ശരിയല്ലെന്ന് ഇവർ ആരോപിക്കുന്നു.

ഈ വർഷത്തെ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) 9.2 കോടി രൂപ മുടക്കിയാണ് മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ബംഗ്ലാദേശ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇത്തവണ ലേലത്തിൽ ടീമുകൾ വിളിച്ചെടുത്ത ഏക ബംഗ്ലാദേശ് താരവും മുസ്തഫിസുർ റഹ്മാനാണ്.

ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളിയായ ദീപുചന്ദ്ര ദാസ് ക്രൂരമായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിൽ പ്രതിഷേധങ്ങൾ ശക്തമായത്. ജോലി സ്ഥലത്തുനിന്ന് ഒരു സംഘം ആളുകൾ പുറത്തിറക്കി മർദിച്ച് അവശനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു ദീപുചന്ദ്ര ദാസിനെ. ഈ സംഭവം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ, കെകെആറിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സമൂഹ മാധ്യമങ്ങളിലും പ്രചാരണങ്ങൾ സജീവമാണ്.