കാണ്‍പുര്‍: കാണ്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകന് മര്‍ദ്ദനം. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം കാണാനെത്തിയ റോബി ടൈഗര്‍ എന്ന ആരാധകനാണ് തല്ല് കിട്ടിയത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് നാട്ടുകാരാണ് ഇയാളെ മര്‍ദ്ദിച്ചത്. സ്റ്റേഡിയത്തില്‍ വച്ച് ബംഗ്ലാദേശ് ടീമിന്റെ പതാക വീശി തന്റെ ടീമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് . മാത്രമല്ല ഇന്ത്യക്കെതിരെയും ഇയാള്‍ മുദ്രാവാക്യം വിളിച്ചതായാണ് സൂചന.

മത്സരം കാണാനെത്തിയ ബംഗ്ലാ ആരാധകനായ ടൈഗര്‍ റോബിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ കാണ്‍പൂര്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥനും കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഫാനാണ് റോബി ടൈഗര്‍'. ടീമിനെ പിന്തുണയ്ക്കാന്‍ ഇയാള്‍ എല്ലാ മത്സര വേദികളിലും എത്താറുണ്ട് .

പുറത്തും അടിവയറ്റിലുമാണ് മര്‍ദ്ദനമേറ്റതെന്നും അതുകൊണ്ട് തനിക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ലെന്നും റോബി പറഞ്ഞു. എന്നാല്‍ പൊലീസ് ആരോപണം നിഷേധിച്ചു. പൊലീസ് വ്യക്തമാക്കിയതിങ്ങനെ... ''സി ബ്ലോക്ക് എന്‍ട്രന്‍സില്‍ അദ്ദേഹം ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടു. സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നിര്‍ജലീകരണം കാരണം സംഭവിച്ചതാണെന്ന് കരുതുന്നത്. ഞങ്ങള്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശത്തിന് വേണ്ടി കാത്തിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥാന്‍ റോബിയെ ആശ്വസിപ്പിക്കുന്ന വീഡിയോ കാണാം...

രണ്ടാം ടെസ്റ്റിന്റെ ബംഗ്ലാദേശിനെതിരെ ഇന്ത്യ ബൗള്‍ ചെയ്യുമ്പോള്‍, സി ബ്ലോക്ക് ബാല്‍ക്കണിയില്‍ നിന്ന് റോബി ദേശീയ പതാക വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം അക്രമിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തുമെന്നാണ് പൊലീസ് പറയുന്നത്.

ഒന്നാംദിനം മഴയെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്നിന് 107 എന്ന നിലയിലാണ് ബംഗ്ലാദേശ്. മൊമിനുള്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രന്‍ അശ്വിനാണ് മറ്റൊരു വിക്കറ്റ്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു.