ഇന്‍ഡോര്‍: സിംബവെയുടെ പേരിലുണ്ടായിരുന്ന ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ബറോഡ്. സിക്കിമിനെതിരായ മത്സരത്തില്‍ ബറോഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 349 റണ്‍സ് അടിച്ചെടുത്ത്. പോയവരും വന്നവരും എല്ലാം സിക്കിമിനെ അടിച്ച് പറത്തി. 51 പന്തില്‍ 15 സിക്‌സറുകളടക്കം 134 റണ്‍സ് നേടിയ ഭാനു പാനിയ ടോപ് സ്‌കോററായി. ക്രീസിലെത്തിയ ഓരോ ബാറ്റര്‍മാരും നിര്‍ണായക സംഭാവന നല്‍കി. ശാശ്വത് റാവത്ത് (16 പന്തില്‍ 43), അഭിമന്യൂ സിംഗ് (17 പന്തില്‍ 52), ശിവാലിക്ക് ശര്‍മ (17 പന്തില്‍ 55), വിഷ്ണു സോളങ്കി (16 പന്തില്‍ 50) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.

റാവത്ത് - അഭിമന്യു സഖ്യം ഒന്നാം വിക്കറ്റില്‍ അഞ്ച് ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും മടങ്ങുമ്പോള്‍ രണ്ടിന് 108 എന്ന നിലയിലായിരുന്നു ബറോഡ. പിന്നീട് ഭാനു - ശിവാലിക് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. എങ്കിലും സോളങ്കിയെ കൂട്ടുപിടിടിച്ച് ഭാനു, ബറോഡയെ 300 കടത്തി. 2023-ല്‍ നേപ്പാള്‍ മംഗോളിയക്കെതിരെ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ടോട്ടലുകളില്‍ നാലെണ്ണവും ഈ വര്‍ഷമാണ്.

അതേസമയം, ബറോഡ ഇന്നിംഗ്‌സില്‍ 37 സിക്‌സറുകള്‍ പറത്തി. ഒരു ടി20 ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡ് ഇതോടെ ബറോഡയുടെ അക്കൗണ്ടിലായി. ഗാംബിയയ്‌ക്കെതിരെ 27 സിക്‌സറുകള്‍ അടിച്ചുകൂട്ടിയ സിംബാബ്വെയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ഒരു ടി20 ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ 50+ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്വെയ്ക്കൊപ്പം പങ്കിടാന്‍ ബറോഡയ്ക്കായി. സിക്കിമിനെതിരെ ബറോഡയുടെ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറികള്‍ നേടി.