- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെംബ ബവുമ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു; യുവ താരം ഡെവാള്‍ഡ് ബ്രവിസും ടീമില്‍
ടെംബ ബവുമ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടെംബ ബവുമ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. 15 അംഗ ടീമിനെയാണ് പ്രോട്ടീസ് പ്രഖ്യാപിച്ചത്. സമീപ ദിവസങ്ങളില്‍ അവസാനിച്ച പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എയ്ഡന്‍ മാര്‍ക്രമാണ് പാകിസ്ഥാനെതിരെ ടീമിനെ നയിച്ചത്. പാക് ടീമിനെതിരെ കളിച്ച താരങ്ങളില്‍ മിക്കവരേയും നിലനിര്‍ത്തിയിട്ടുണ്ട്.
നവംബര്‍ 14 മുതല്‍ 26 വരെയാണ് ടെസ്റ്റ് പരമ്പര. ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ഒന്നാം ടെസ്റ്റ് 14 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ്. രണ്ടാം പോരാട്ടം 22 മുതല്‍ ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിലും നടക്കും. ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്.
ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി എ ടീമുകളുടെ ചതുര്‍ദിന പോരാട്ടവും അരങ്ങേറുന്നുണ്ട്. ബവുമ ഈ മത്സരത്തില്‍ ഇറങ്ങും. ഈ മാസം 30 മുതല്‍ നവംബര്‍ 9 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് എ ടീമുകളുടെ പോരാട്ടം. ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് പോരാട്ടം. ഇന്ത്യക്കെതിരായ ടെസ്റ്റിനു മുന്‍പ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബവുമ അടക്കമുള്ള താരങ്ങള്‍ക്ക് എ ടീം പോരാട്ടം ഉപകാരപ്പെടും.
യുവ താരവും ബാറ്റിങ് സെന്‍സേഷനുമായ ഡെവാള്‍ഡ് ബ്രവിസ് ടീമിലുണ്ട്. 36കാരനായ വെറ്ററന്‍ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ് ടീമിനെ ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. 2015ലെ ഇന്ത്യന്‍ പര്യടനത്തില്‍ കളിച്ച് മികവ് പുലര്‍ത്തിയ താരമാണ് ഹാര്‍മര്‍. രണ്ട് ടെസ്റ്റുകളില്‍ നിന്നായി അന്ന് 10 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യം നന്നായി അറിയുന്നതാണ് താരത്തെ ടീമിലുള്‍പ്പെടുത്താന്‍ കാരണം. പാകിസ്ഥാനെതിരെ ഈയടുത്തു നടന്ന പരമ്പരയില്‍ താരം 14 വിക്കറ്റുകള്‍ രണ്ട് ടെസ്റ്റുകളില്‍ നിന്നായി വീഴ്ത്തി മികവില്‍ നില്‍ക്കുന്നുമുണ്ട്.
ദക്ഷിണാഫ്രിക്ക ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), കോര്‍ബിന്‍ ബോഷ്, ഡെവാള്‍ഡ് ബ്രവിസ്, ടോണി ഡി സോര്‍സി, സുബിര്‍ ഹംസ, സിമോണ്‍ ഹാര്‍മര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, സെനുരന്‍ മുത്തുസാമി, കഗിസോ റബാഡ, റിയാന്‍ റിക്കല്‍ടന്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, കെയ്ല്‍ വരെയ്ന്‍.




