ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോഹ്‌ലിക്ക് ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ അനുമതി നൽകിയ ബിസിസിഐയുടെ നടപടി വിവാദത്തിൽ. മറ്റ് പ്രധാന താരങ്ങളായ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവർ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് പരിശോധനക്ക് വിധേയരായപ്പോഴാണ് കോഹ്‌ലിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

കുടുംബത്തോടൊപ്പം യുകെയിൽ കഴിയുകയായിരുന്ന കോഹ്‌ലിക്ക്, ബിസിസിഐയുടെ പ്രത്യേക അനുമതിയോടെയാണ് വിദേശത്ത് ഫിറ്റ്നസ് പരിശോധന നടത്തിയത്. രാജ്യത്തിന് പുറത്ത് ഇത്തരമൊരു ഇളവ് ലഭിക്കുന്ന ആദ്യത്തെ താരമാണ് വിരാട് കോഹ്‌ലി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് കളിക്കാർ ആരും ഇത്തരത്തിൽ അനുമതി തേടിയിരുന്നില്ല. വിദേശത്ത് ടെസ്റ്റ് നടത്താൻ കോഹ്‌ലി അനുമതി ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

ഏകദിന മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഹ്‌ലി, വരാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിസിഐയുടെ ഫിസിയോതെറാപ്പിസ്റ്റുകളും സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകരുമടങ്ങുന്ന സംഘം ലണ്ടനിൽ വെച്ച് കോഹ്‌ലിയുടെ ഫിറ്റ്നസ് റിപ്പോർട്ടുകൾ ബിസിസിഐക്ക് സമർപ്പിച്ചതായാണ് വിവരം.

ഇതിനിടെ, കെ.എൽ. രാഹുൽ, ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവർ രണ്ടാം ഘട്ട ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യോ-യോ ടെസ്റ്റിന് പുറമെ, ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് വിലയിരുത്തലിനായി റഗ്ബി പരിശീലനത്തെ ഓർമ്മിപ്പിക്കുന്ന ഷട്ടിൽ റണ്ണുകളുള്ള 'ബ്രോങ്കോ ടെസ്റ്റ്' എന്ന പുതിയ രീതിയും അവതരിപ്പിച്ചിട്ടുണ്ട്. കളിക്കാരുടെ യോ-യോ സ്കോറുകൾ, സ്ട്രെങ്ത് ടെസ്റ്റുകൾ എന്നിവ ഫിറ്റ്നസ് വിലയിരുത്തലിന്റെ ഭാഗമാണ്.