മുംബൈ: സമീപ കാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ താരങ്ങള്‍ക്ക് മേലെയുള്ള നിയന്ത്രണങ്ങള്‍ ബിസിസിഐ കര്‍ശനമാക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ അച്ചടക്കമില്ലാത്തവരായി പെരുമാറുന്നുവെന്ന പരിശീലകന്‍ ഗംഭീര്‍ ബിസിസിഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണിത്. മത്സരങ്ങള്‍ക്കിടെ കുടുംബത്തോടൊപ്പം മുഴുവന്‍ സമയവും ചെലവഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര തോല്‍വിക്ക് ശേഷം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പുറമെ പരമ്പരകള്‍ക്കു പോകുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ സഹായികളെ കൂടെ കൊണ്ടുപോകുന്നതിനും വിലക്കു വരും. പാചകക്കാരന്‍, സ്‌റ്റൈലിസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരെ ഇനി താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഒപ്പം നിര്‍ത്താന്‍ സാധിക്കില്ല. സ്വന്തം ജീവനക്കാരുമായി സൂപ്പര്‍ താരങ്ങള്‍ക്കു യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകില്ലെന്നു ബിസിസിഐ നിലപാടെടുത്തതായാണ് പുതിയ റിപ്പോര്‍ട്ട്.

അതേസമയം താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താനും ധാരണയായിട്ടുണ്ട്. ടീം സിലക്ഷനില്‍ ഫിറ്റ്‌നസ് കൂടി കാര്യമായി തന്നെ പരിഗണിക്കാനാണു നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പല താരങ്ങള്‍ക്കും കൃത്യതയില്ലെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്കായി കൂടുതല്‍ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ വന്നേക്കും. പഴയ യോയോ ടെസ്റ്റും തിരിച്ചുവന്നേക്കും.