ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് പിന്നാലെ നടത്തിയ പരാമര്‍ശം പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ബി.സി.സി.ഐ അദ്ദേഹത്തിനെതിരെ ഔദ്യോഗിക പരാതി നല്‍കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫൈനലില്‍ ഇന്ത്യ വിജയിച്ചശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ മാച്ച് ഫീസ് ഇന്ത്യന്‍ സൈനികര്‍ക്കും ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമായി നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിനു മറുപടിയായി സല്‍മാന്‍ ആഗ പാകിസ്താനിലെ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കുമായി താന്‍ ഫീസ് നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.

ബിസിസിഐയുടെ നിലപാടില്‍ പ്രകാരം, ആഗയുടെ പ്രസ്താവന ക്രിക്കറ്റ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. കൂടാതെ അത് രാഷ്ട്രീയ നിറം കലര്‍ന്നതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കാനാണ് ബി.സി.സി.ഐയുടെ നീക്കം.