- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലിയുടെ കുട്ടികളെ നോക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനും; ഋഷഭ് പന്തിന് പേഴ്സണല്‍ കുക്ക്; ചില താരങ്ങളുടെ യാത്ര പേഴ്സണല്‍ സ്റ്റാഫിനൊപ്പം; ഓസിസ് പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെ 'താരസംസ്കാരം' അവസാനിപ്പിക്കാന്‍ ബിസിസിഐ
'താരസംസ്കാരം' അവസാനിപ്പിക്കാന്‍ ബിസിസിഐ
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കം നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ താരസംസ്കാരം അവസാനിപ്പിക്കാനായി ബിസിസിഐ പെരുമാറ്റച്ചട്ടം കര്‍ശനമാക്കാന്‍ കാരണം ഓസ്ട്രേലിയന്‍ പര്യടനത്തിനിടയിലെ പ്രമുഖ താരങ്ങളുടെ പെരുമാറ്റമെന്ന റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തുവന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെ ഒരംഗത്തിന് പേഴ്സണല്‍ കുക്കും ഉണ്ടായിരുന്നുവെന്നും മറ്റൊരു താരത്തിന്റെ കുട്ടികളെ നോക്കാനായി മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനും കൂടെ ഉണ്ടായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടീമിലെ ഒരു വിക്കറ്റ് കീപ്പറാണ് ടീമിനൊപ്പം സ്വന്തം കുക്കിനെയും കൊണ്ട് വന്നിരുന്നത്. മറ്റൊരു സൂപ്പര്‍ താരമാകട്ടെ തന്റെ കുട്ടികളെ നോക്കാനായി ഭാര്യയുടെ മുത്തശ്ശിയെയും സുരക്ഷക്കായി പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും കൂടെ കൂട്ടിയിരുന്നുവെന്നും ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഋഷഭ് പന്തും ധ്രുവ് ജുറെലുമായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ ധ്രുവ് ജുറെല്‍ താരതമ്യേന പുതുമുഖായിരുന്നതിനാല് ഋഷഭ് പന്താകും പേഴ്സണല്‍ കുക്കിനെ കൂടെ കൊണ്ടുവന്ന താരമെന്നാണ് സൂചന. വിരാട് കോലിയാണ് ഓസ്ട്രേലിയയില്‍ ഭാര്യ അനുഷ്ക ശര്‍മയെയും തന്റെ രണ്ട് കുട്ടികളെയും കൂടെ കൊണ്ടുവന്ന താരം. അതുകൊണ്ട് തന്നെ കോലിയാണ് കുട്ടികളെ നോക്കാനായി മുത്തശ്ശിയെയും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും കൂടെ കൊണ്ടുവന്ന താരമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ പേഴ്സണല്‍ സ്റ്റാഫിനൊപ്പം മാത്രമെ യാത്ര ചെയ്തിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനത്തില്‍ പ്രമുഖ താരങ്ങളെല്ലാം വിമര്‍ശനത്തിന് ഇരയാകുകയും ഇന്ത്യന്‍ ടീമിലെ അച്ചടക്കമില്ലായ്മ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെ സംഭാഷണങ്ങളും പരിശീലകന്റെ ശകാരവുമെല്ലാം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അച്ചടക്കം കര്‍ശനമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ബിസിസിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കളിക്കാര്‍ക്കൊപ്പം പേഴ്സണല്‍ മാനേജര്‍, പേഴ്സണല്‍ സ്റ്റാഫ്, കുക്ക്, മസാജര്‍, അസിസ്റ്റന്റ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടെ കൂട്ടുന്നതിനും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇന്നലെയാണ് ബിസിസിഐ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.
പരമ്പരകളിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ വിദേശ പരമ്പരകളില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു.
മത്സരത്തിനായി പങ്കെടുക്കാന്‍ പോകുമ്പോള്‍ താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്നും കുടുംബത്തിനൊപ്പം തനിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. വിദേശ യാത്രക്ക് ഉള്‍പ്പെടെ ഈ നിബന്ധന ബാധകമായിരിക്കും. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണം. പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ല. പരിശീലന സെഷനില്‍ മുഴുവന്‍ സമയം പങ്കെടുക്കണമെന്നും സ്വന്തം സെഷനു ശേഷം മടങ്ങാന്‍ പാടില്ലെന്നും ബിസിസിഐയുടെ ചട്ടത്തില്‍ വിശദീകരിക്കുന്നുണ്ട്.
ബിസിസിഐയുടെ അനുമതിയില്ലാതെ പേഴ്സണല്‍ സ്റ്റാഫിനെ പര്യടനങ്ങള്‍ക്ക് താരങ്ങള്‍ കൊണ്ടുവപോകാന്‍ പാടില്ല. 45 ദിവസത്തെ വിദേശ പര്യടനത്തില്‍ 14 ദിവസം കുടുംബത്തിനു ഒപ്പം താമസിക്കാം. കോച്ചും ക്യാപ്റ്റനും മുന്‍കൂട്ടി അനുമതി നല്കുന്ന ദിവസങ്ങളില്‍ മാത്രമേ കുടുംബത്തിന് വരാനാകു. പെരുമാറ്റച്ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്റെ പരിധിയിലും നിബന്ധനയുണ്ട്. ടീമിന് അനുവദിച്ചിട്ടുള്ള ലഗേജില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ പാടില്ല. അങ്ങനെ കൊണ്ടുപോയാല്‍ അതിന്റെ ചിലവ് താരങ്ങള്‍ സ്വന്തം വഹിക്കണം. പര്യടനത്തിനിടെ വ്യക്തിപരമായ ഷൂട്ടിങുകള്‍ അനുവദിക്കില്ല.