- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മത്സരം പുരോഗമിക്കും തോറും എഡ്ജ്ബാസ്റ്റണിലെ പിച്ച് സബ്കോണ്ടിനെന്റല്‍ പിച്ചായി മാറി; അത് സന്ദര്‍ശകര്‍ മുതലാക്കി'; 'പൊന്നാപുരം കോട്ട'യില്‍ തോറ്റതിന്റെ കാരണം പറഞ്ഞ് ബെന്‍ സ്റ്റോക്ക്സ്; പരാജയം അംഗീകരിക്കൂ എന്ന് ഇന്ത്യന്‍ ആരാധകര്‍
'പൊന്നാപുരം കോട്ട'യില്‍ തോറ്റതിന്റെ കാരണം പറഞ്ഞ് ബെന്‍ സ്റ്റോക്ക്സ്
ബെര്‍മിങ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നേരിട്ട വന്‍ പരാജയത്തിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഇംഗ്ലണ്ട് ടീം. തങ്ങളുടെ 'പൊന്നാപുരം കോട്ട'യായ എജ്ബാസ്റ്റണില്‍ ഇത്തരമൊരു തോല്‍വി പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനു മുമ്പ ഇന്ത്യയോടു ഇവിടെ കളിച്ച എട്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ട് പരാജയമറിഞ്ഞിരുന്നില്ല. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ ബെന്‍ സ്റ്റോക്‌സിനെയും സംഘത്തെയും ശുഭ്മന്‍ ഗില്ലിന്റെ യുവനിര മലര്‍ത്തിയടിക്കുകയായിരുന്നു.
എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് പോലും ഇന്ത്യ ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് കഴിഞ്ഞ ദിവസം ഗില്ലും സംഘവും തിരുത്തിയെഴുതിയത്. ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യ 336 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മഴ അല്‍പ്പനേരം കളി തടസ്സപ്പെടുത്തിയെങ്കിലും അവസാനദിനം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ബാറ്റിങിലും ബൗളിംഗിലുമെല്ലാം ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് ടീം ഇന്ത്യ ഇവിടെ വെന്നിക്കൊടി പാറിച്ചത്. 608 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ വെറും 271 റണ്‍സിനു അവര്‍ കൂടാരംകയറി. എവിടെയാണ് ഈ ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിനു പിഴച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ ബെന്‍ സ്റ്റോക്സ്.
മത്സരത്തിലെ പിച്ച് ഇന്ത്യയിലേതിന് സമാനമായ പിച്ചുപോലെയായെന്നും അത് സന്ദര്‍ശകര്‍ മുതലാക്കിയെന്നും സ്റ്റോക്ക്സ് സൂചിപ്പിച്ചു. തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്ക്സ് നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ കമന്റുകളുമായെത്തി.
മത്സരം പുരോഗമിക്കുംതോറും പിച്ച് സബ്കോണ്ടിനെന്റല്‍ പിച്ചായി മാറിയെന്നും തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ തുറന്നുകാട്ടപ്പെട്ടെന്നുമാണ് സ്റ്റോക്ക്സ് പ്രതികരിച്ചത്. ഞങ്ങള്‍ക്ക് കഠിനമായ പോരാട്ടമായി മാറി. ഇന്ത്യന്‍ ബൗളിങ്ങിന് പരിചിതമായ സാഹചര്യങ്ങളായിരുന്നു. ആ സാഹചര്യങ്ങള്‍ ഞങ്ങളെക്കാള്‍ നന്നായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അവര്‍ക്ക് അറിയാം. അത് ചിലപ്പോള്‍ സംഭവിക്കാം. അമിതമായി നിരാശപ്പെടാന്‍ ഒന്നുമില്ല. ഞങ്ങള്‍ കഴിവില്‍ പിന്നിലായിപ്പോയത് അംഗീകരിക്കാന്‍ കഴിയും. - സ്റ്റോക്ക്‌സ് ബിബിസിയോട് പറഞ്ഞു.
പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ സ്റ്റോക്ക്സിനെതിരേ രംഗത്തെത്തി. കാരണങ്ങള്‍ നിരത്താതെ പരാജയം അംഗീകരിക്കൂ എന്ന് ഒട്ടുമിക്കവരും അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണ്‍ അവരുടെ തട്ടകമല്ലേയെന്നും അത് സബ്കോണ്ടിനെന്റല്‍ പിച്ചാണെന്ന് പറയുന്നത് പരിഹാസ്യമാണെന്നും ഒരാള്‍ കുറിച്ചു. ഇന്ത്യയിലേതിന് സമാനമായ പിച്ചാണെങ്കില്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ വിക്കറ്റുകളെടുക്കുമായിരുന്നില്ലേ എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയിക്കാന്‍ കഴിയുമായിരുന്നെന്നും പക്ഷെ ലഭിച്ച ചില അവസരങ്ങള്‍ വേണ്ടതു പോലെ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നുമാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് മത്സരശേഷം പറഞ്ഞത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടാന്‍ തങ്ങള്‍ക്കു സുവര്‍ണാവസരം ലഭിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നാണ് സ്റ്റോക്സ് പറയുന്നത്. വളരെ കടുപ്പമേറിയ തോല്‍വിയാണിത്. രണ്ടു മുഹൂര്‍ത്തങ്ങള്‍ ഈ കളിയിലുണ്ടായിരുന്നു.
അവരെ അഞ്ചിന് 200 റണ്‍സെന്ന (ഒന്നാമിന്നിങ്സ്) ലഭിച്ചിട്ടും അതു ഞങ്ങള്‍ക്കു മുതലാക്കാനായില്ല. അതിനു ശേഷം അവരുടെ വലിയ സ്‌കോറിനെതിരേ ആദ്യ ഇന്നിങ്സില്‍ അഞ്ചിന് 80 റണ്‍സില്‍ നിന്നും തിരിച്ചുവരികയെന്നതു വളരെ കടുപ്പവുമാണ്. ഈ ഗെയിമിന്റെ തുടക്കത്തിലേക്കു നോക്കിയാല്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 200 റണ്‍സില്‍ നില്‍ക്കവെ ഞങ്ങള്‍ പെട്ടെന്നു കുറച്ചു വിക്കറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ കാര്യങ്ങളില്‍ മാറിയേനെ. ഗെയിം കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്കു പോകവെ ഞങ്ങളേക്കാള്‍ ഇന്ത്യക്കു അനുയോജ്യമായ വിക്കറ്റായി ഇതു മാറുകയും ചെയ്തുവെന്നും സ്റ്റോക്സ് വിശദമാക്കി.
ഈ ടെസ്റ്റില്‍ വിജയിക്കാന്‍ തങ്ങള്‍ എല്ലാ അടവുകളും പയറ്റിയതായും പക്ഷെ അതൊന്നും പ്രതീക്ഷച്ചതു പോലെ ഫലം കണ്ടില്ലെന്നും ബെന്‍ സ്റ്റോക്സ് പറയുന്നു. ഞങ്ങള്‍ എല്ലാം ശ്രമിക്കുക തന്നെ ചെയ്തു, പ്ലാനുകളിലും മാറ്റങ്ങള്‍ വരുത്തി. പക്ഷെ ഒരു ടീം നിങ്ങളുടെ മുകളില്‍ നില്‍ക്കുമ്പോള്‍ അതു അത്ര എളുപ്പമല്ല. ഇന്ത്യ ഒരു ക്ലാസ് ടീം തന്നെയാണ്. ഒരു ടീം മുഴുവന്‍ ലോകോത്തര പെര്‍ഫോമേഴ്സുള്ളപ്പോള്‍ ശക്തമായി തിരിച്ചടിക്കുകയെന്നത് എല്ലായ്പ്പോഴും കടുപ്പം തന്നെയാണ്.
ബാറ്ററെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന് ഇതൊരു അവിശ്വസനീയ ഗെയിം തന്നെയായിരുന്നു. ഫീല്‍ഡില്‍ ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ മനസ്സും ശരീരവുമെല്ലാം ക്ഷീണിക്കുക തന്നെ ചെയ്യും. വ്യക്തിപരമായും ടീമെന്ന നിലയിലും ഏറ്റവും മികച്ചത് പുറത്തു കൊണ്ടു വരേണ്ടത് ആവശ്യമാണ്. ടീമിലേക്കു വന്നതു മുതല്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ജാമി (ജാമി സ്മിത്ത്) നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം ഗംഭീര പ്രകടനം നടത്താന്‍ അവനു കഴിഞ്ഞുവെന്നും സ്റ്റോക്സ് കൂട്ടിച്ചേര്‍ത്തു.
എഡ്ജ്ബാസ്റ്റണില്‍ എട്ടുമത്സരങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ ടീം ടെസ്റ്റില്‍ ജയം നേടുന്നത്. ഇതുവരെ ഏഴുതോല്‍വിയും ഒരുസമനിലയുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.എഡ്ജ്ബാസ്റ്റണില്‍ പത്തുവിക്കറ്റ് നേടുന്ന നാലാമത്തെ താരമായി ആകാശ് ദീപ് മാറി. ഇതാദ്യമായിട്ടാണ് ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്‌കോര്‍ 1000 കടക്കുന്നത്. ഇതിനുമുമ്പ് 2004-ല്‍ ഓസ്ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്സുകളിലുമായി 916 റണ്‍സ് നേടിയതായിരുന്നു റെക്കോഡ്.