സിഡ്‌നി: ബോർഡർ ഗവാസ്കർ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ചെറിയ ടോട്ടലിന് പുറത്തായ ശേഷം തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഒമ്പത് റൺസ് നേടുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി. രണ്ട് റൺസ് നേടിയ ഉസ്മാൻ ഖ്വാജയാണ് പുറത്തായത്. ക്യാപ്റ്റൻ ബുംറക്കായിരുന്നു വിക്കറ്റ്. സാം കോൺസ്റ്റാസ് ഏഴ് റൺസുമായി ക്രീസിൽ തുടരുകയാണ്. ഒന്നാം ദിവസത്തിന്‍റെ അവസാന പന്തിലാണ് ഖ്വാജ പുറത്തായത്. ഇന്ത്യയെക്കാൾ 176 റൺസിന്റെ പിറകിലാണ് ഓസ്‌ട്രേലിയ.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കങ്കാരുപ്പട 185ന് പുറത്താക്കുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. സ്റ്റാര്‍ക്ക് മൂന്നും, പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നേടി. 40 റൺസ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്ത്യയുടെ മുൻനിര ബാറ്സ്മാന്മാർ പരായജയപ്പെട്ടതോടെ നിർണായക മത്സരത്തിൽ ആദ്യ സെഷനുകളിൽ തന്നെ സമ്മർദ്ദത്തിലായി.

സ്കോർ 11ൽ നിൽക്കെ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രാഹുലിനെ (4) മടക്കി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടത്. സ്‌കോര്‍ 17-ല്‍ നില്‍ക്കേ ജയ്‌സ്വാളും (10) സ്കോട്ട് ബോളണ്ട് പുറത്താക്കിയതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച ഗിൽ വിരാട് കോലി സഖ്യം ശ്രദ്ധയോടെ കളിച്ചെങ്കിലും 57 റൺസിൽ നിൽക്കെ കൂട്ട്കെട്ട് തകർന്നു. 64 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത ഗില്ലിനെ നഥാൻ ലയൺ കൂടാരത്തിലെത്തിക്കുകയായിരുന്നു.

രണ്ടാം സെഷനില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് കോലിയേയും നഷ്ടമായി. ഓഫ്സ്റ്റമ്പിനു പുറത്തേക്ക് പോയ പന്തിന്റെ ഗതിയറിയാതെ ബാറ്റ് വെച്ച് സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് കോലി മടങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ-പന്ത് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ബോളണ്ട് വീണ്ടും പ്രഹരമേല്പിച്ചു. ഇരുവരും ചേർന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 98 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത പന്തിനെ ഇന്ത്യക്ക് നഷ്ടമായി.

തൊട്ടടുത്ത പന്തില്‍ മെൽബണിൽ കന്നി സെഞ്ച്വറി നേടി വരവറിയിച്ച നിതീഷിന്റെ (0) വിക്കറ്റ് കൂടി നഷ്ടമായതോടെ 120ന് 6 എന്ന നിലയിൽ കൂപ്പുകുത്തിയ ഇന്ത്യ സമ്മർദ്ദത്തിലായി. വൈകാതെ ജഡേജയുടെ പ്രതിരോധം സ്റ്റാര്‍ക്ക് പൊളിച്ചു. 95 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തായിരുന്നു ജഡേജയുടെ മടക്കം. അവസാന പ്രതീക്ഷയായിരുന്ന സുന്ദറിനും കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനായില്ല. 30 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. വാലറ്റത്തിൽ ബുംറ പൊരുതിയിട്ടും ഇന്ത്യയെ 200 കടത്താനായില്ല. 17 പന്തിൽ 3 ഫോറും 1 സിക്സുമടക്കം 22 റൺസാണ് താരം നേടിയത്.