- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെല്‍ബണിലും കങ്കാരുപ്പടയെ വിറപ്പിച്ചു; ഇതിഹാസ താരത്തെയും മറികടന്ന് ഇന്ത്യൻ പേസ് ബൗളർ; ആ റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയുടെ പേരിൽ; ഒന്നാം ദിനം ഇന്ത്യക്ക് ആശ്വാസമായതും ബുംറയുടെ പ്രകടനം
മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ഒന്നാംദിനം കഴിയുമ്പോൾ ഓസ്‌ട്രേലിയ മികച്ച നിലയിലാണ്. കൂറ്റൻ സ്കോറിലേക്ക് കുതിച്ച കങ്കാരുപ്പടയെ കുറച്ചെങ്കിലും സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ടീമിന് സഹായകമായത് ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പ്രകടനമാണ്. മൂന്നു വിക്കറ്റുമായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറനേടിയത്. നിർണായക വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
ആദ്യ സെഷനിൽ അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസ് ആക്രമിച്ച് കളിച്ചതോടെ താരം സമ്മർദത്തിലായെങ്കിലും രണ്ട്, മൂന്ന് സെഷനുകളിൽ തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്.ട്രാവിസ് ഹെഡ്ഡിനെയും ക്രീസിൽ അർധ സെഞ്ച്വറിയുമായി നിലയുറപ്പിച്ച ഉസ്മാന്‍ ഖവാജയെയും മിച്ചൽ മാർഷിനെയും ബുംറ പുറത്താക്കിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഓസീസിന്‍റെ നാലു ടോപ് ഓർഡർ ബാറ്റർമാരും അർധ സെഞ്ച്വറി നേടി. അഡലെയ്ഡിലും ബ്രിസ്ബെയ്നിലും തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടിയ ഹെഡ് ബുംറയുടെ പന്തിൽ ബൗൾഡാകുകയായിരുന്നു.
ഏഴു പന്തുകൾ നേരിട്ട് റണ്ണൊന്നും എടുക്കാതെയാണ് താരം പുറത്തായത്. മത്സരത്തിൽ ആദ്യം പുറത്താക്കിയത് ഖ്വാജയെയാണ്. ഇതോടെ മെൽബണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് താരത്തിന് സ്വന്തമായി. 15 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ മുൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലയെയാണ് താരം മറികടന്നത്. മൂന്നു ടെസ്റ്റുകളിൽ ആറു ഇന്നിങ്സുകളിലായി കുംബ്ലെ 15 വിക്കറ്റുകളാണ് മെൽബണിൽ വീഴ്ത്തിയത്. ബുംറ മൂന്നു ടെസ്റ്റുകളിൽ അഞ്ചു ഇന്നിങ്സുകളിലായി 18 വിക്കറ്റ് സ്വന്തമാക്കി. 14 വിക്കറ്റുകൾ വീതമുള്ള ആർ. അശ്വിനും കപിൽ ദേവും 13 വിക്കറ്റുകളുമായി ഉമേഷ് യാദവുമാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം നിർണായകമായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെയും, ഉസ്മാന്‍ ഖ്വജ, മര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികച്ച പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 68 റണ്‍സ് നേടിയ സ്മിത്തിനൊപ്പം 8 റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ക്രീസിൽ. ട്രാവിസ് ഹെഡ് പൂജ്യത്തിന് പുറത്തായി.