സിഡ്നി: ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്രയോടെ കൊമ്പുകോര്‍ത്ത് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ്. ഓസ്ട്രേലിയ ബാറ്റിംഗിനെത്തിയപ്പോഴാണ് സംഭവം. സിഡ്നിയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ 185ന് എറിഞ്ഞിടാന്‍ ഓസീസിന് സാധിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം. ഉസ്മാന്‍ ഖവാജയുടെ (2) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. പിന്നാലെ ആദ്യ ദിവസത്തെ കളി അവസാനിക്കുകയും ചെയ്തു. ഒമ്പത് റണ്‍സാണ് ഓസീസിന്റെ സ്‌കോര്‍ബോര്‍ഡിലുള്ളത്.

ഇതിനിടെയാണ് ബുമ്രയും കോണ്‍സ്റ്റാസും നേര്‍ക്കുനേര്‍ വന്നത്. മുന്നാം ഓവറിലെ അവസാന പന്തിലാണ് ഖവാജ പുറത്താവുന്നത്. പെട്ടന്ന് പന്തെറിഞ്ഞ് മറ്റൊരു ഓവര്‍ കൂടി എറിയാനുള്ള ശ്രമമാണ് ഇന്ത്യന്‍ നായകന്‍ നടത്തിയത്. എന്നാല്‍ ഖവാജ ക്രീസില്‍ തയ്യാറായിരുന്നില്ല. ഇത് ബുമ്ര ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും നോണ്‍ സ്ട്രൈക്കിലുണ്ടായിരുന്ന കോണ്‍സ്റ്റാസ് ഇടപ്പെട്ടു. തിരിച്ച് ബുമ്രയോട് പലതും പറയുന്നുണ്ടായിരുന്നു.

ഇതിനിടെ ബുമ്ര ചോദിക്കുന്നുണ്ട് നിന്റെ പ്രശ്നമെന്താണെന്ന്. അതിനുള്ള മറുപടിയും കോണ്‍സ്റ്റാസ് നല്‍കുന്നു. പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ നടന്നുവന്നപ്പോള്‍ അംപയര്‍ ഇടപ്പെട്ടു. സംഭവത്തിന് ശേഷമുള്ള പന്തില്‍ ബുമ്ര, ഖവാജയെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കയ്യിലേക്ക് അയക്കുകയും ചെയ്തു. കോണ്‍സ്റ്റാസിന്റെ മുഖത്ത് നോക്കി ആഘോഷം നടത്തുകയും ചെയ്തു. വീഡിയോ കാണാം.

മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു.