ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് തികച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. 400 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ പേസറാണ് ബുംറ. ചെപ്പോക്കില്‍ ബംഗ്‌ളാദേശിനെതിരെ നാല് വിക്കറ്റ് നേടിയതോടെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 400 വിക്കറ്റ് നേടുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് താരം. ടെസ്റ്റ് ഏകദിന ട്വന്റി ട്വന്റി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 227 കളികളില്‍ നിന്നാണ് ഈ വിക്കറ്റുകള്‍ ബുംറ സ്വന്തമാക്കിയത്.

ടെസ്റ്റില്‍ 162 വിക്കറ്റുകളും ഏകദിനത്തില്‍ 149 വിക്കറ്റും ടി20ല്‍ 89 വിക്കറ്റുമാണ് നേടിയത്. കപില്‍ദേവ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് മുന്‍പ് 400 വിക്കറ്റ് നേടിയ പേസര്‍മാര്‍. അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ എന്നിവരും വിക്കറ്റ് നേട്ടം 400 കടന്നവരാണ്. 953 വിക്കറ്റുള്‍ നേടിയ കുംബ്ലെയാണ് ഒന്നാമത്. 744 വിക്കറ്റുകള്‍ നേടിയ അശ്വിന്‍ രണ്ടാമതും 707 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിങ് മൂന്നാമതുമാണ്.

ബംഗ്ലാദേശിന്റെ ബൗളിങ് തുറുപ്പുചീട്ടായ ഹസന്‍ മഹ്‌മൂദിന്റെ വിക്കറ്റെടുത്താണ് ബുംറ 400 വിക്കറ്റ് നേട്ടം നടത്തിയത്. തുടര്‍ന്ന് തസ്‌കിന്‍ അഹമദിന്റെ വിക്കറ്റും നേടി നേട്ടം 401 ആക്കി. നേരത്തേ ഓപ്പണര്‍ ശദ്മാന്‍ ഇസ്ലാം, മുഷ്ഫിഖുര്‍ റഹീം എന്നിവരുടെ വിക്കറ്റും ബുംറ നേടിയിരുന്നു. 2018-ലാണ് ബുംറ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.