കൃഷ്ണഗിരി: സി കെ നായിഡു ട്രോഫിയില്‍ ഒഡിഷയ്‌ക്കെതിരെ കേരളം ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 276 റണ്‍സെന്ന നിലയിലാണ് കേരളം. ക്യാപ്റ്റന്‍ അഭിഷേക് നായര്‍, വരുണ്‍ നയനാര്‍, ഷോണ്‍ റോജര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് കേരള ഇന്നിങ്‌സിന് കരുത്തായത്. അഭിഷേക് നായര്‍ 62ഉം, വരുണ്‍ നയനാര്‍ 58ഉം ഷോണ്‍ റോജര്‍ 68ഉം റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് റിയാ ബഷീറും അഭിഷേക് നായരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. സ്‌കോര്‍ 47ല്‍ നില്‌ക്കെ 20 റണ്‍സെടുത്ത റിയാ ബഷീറാണ് ആദ്യം മടങ്ങിയത്. തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേകും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ വരുണ്‍ നയനാരും ഷോണ്‍ റോജറും ചേര്‍ന്ന് കേരളത്തിന്റെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് നീക്കി. ഈ കൂട്ടുകെട്ടില്‍ 92 റണ്‍സ് പിറന്നു.

എന്നാല്‍ പിന്നീട് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ, തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. വരുണ്‍ നായനര്‍ക്കും ഷോണ്‍ റോജര്‍ക്കും പുറമെ ഒരു റണ്‍സെടുത്ത അഹ്‌മദ് ഇമ്രാന്‍, നാല് റണ്‍സെടുത്ത ആസിഫ് എലി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി നിര്‍ത്തുമ്പോള്‍ 35 റണ്‍സോടെ രോഹന്‍ നായരും റണ്ണൊന്നുമെടുക്കാതെ വിഷ്ണുവുമാണ് ക്രീസില്‍. ഒഡീഷയ്ക്ക് വേണ്ടി സംബിത് ബരല്‍ നാലും സായ്ദീപ് മൊഹാപത്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.