മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീമിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. 25.2 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ പന്തെറിയാത്തതാണ് കൊൽക്കത്തയുടെ തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഗ്രീനിന്റെ ബൗളിങ് വിലക്കിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കാനാണ് രഹാനെ വ്യക്തമാക്കിയത്.

മത്സരത്തിൽ ഗ്രീൻ പന്തെറിയാത്തതിനെക്കുറിച്ചുള്ള കമന്റേറ്ററുടെ ചോദ്യത്തിന് രഹാനെ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "ഗ്രീൻ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യം നിങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത്. അദ്ദേഹം പന്തെറിയുന്ന കാര്യത്തിൽ ഞങ്ങൾക്ക് അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്." ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വർക്ക് ലോഡ് മാനേജ്‌മെന്റ് പോളിസി പ്രകാരം താരത്തിന് ബൗളിങ്ങിൽ കർശന നിയന്ത്രണമുണ്ടെന്നാണ് സൂചന.

വിഷയം വിവാദമായതോടെ വിശദീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ രംഗത്തെത്തി. ഗ്രീനിന് താഴെ മുതുകിൽ നേരിയ പരിക്കുണ്ടെന്ന് വക്താവ് അറിയിച്ചു. "പരിക്ക് ഗുരുതരമല്ലെങ്കിലും കുറച്ചുകാലത്തേക്ക് ബൗളിങ് ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യയിൽ തുടരുന്ന ഗ്രീൻ, ബൗളിങ് വർക്ക്‌ലോഡ് ക്രമേണ വർധിപ്പിക്കുന്ന പരിശീലനത്തിലാണ്. ഏകദേശം 10 മുതൽ 12 ദിവസത്തിനുള്ളിൽ അദ്ദേഹം വീണ്ടും ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങൾ നേരത്തെ തന്നെ കൊൽക്കത്ത മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു," ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.