ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര 0-2ന് അടിയറവെച്ചതിന് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് ഇന്ത്യൻ ടീം താൽക്കാലിക ക്യാപ്റ്റൻ റിഷഭ് പന്ത്. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയത് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനായാണ് പന്ത് ഇന്ത്യയെ നയിച്ചത്.

ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പന്ത് നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. പരമ്പരയിലെ നാല് ഇന്നിംഗ്സുകളിൽ നിന്നായി 12.25 ശരാശരിയിൽ 49 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ചത്.

"കഴിഞ്ഞ രണ്ടാഴ്ച ഞങ്ങൾ മികച്ച ക്രിക്കറ്റ് ആയിരുന്നില്ല കളിച്ചതെന്ന് തുറന്നു പറയാൻ മടിയില്ല. ഒരു ടീം എന്ന നിലയിലും വ്യക്തികളെന്ന നിലയിലും, ഉന്നത നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ച് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താനാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തവണ ഞങ്ങൾക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല," റിഷഭ് പന്ത് കുറിച്ചു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും, തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഒരു ടീമായും വ്യക്തികളായും കൂടുതൽ ശക്തരും മികച്ചവരുമായി തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യുമെന്നും ആരാധകരുടെ അകമഴിഞ്ഞ പിന്തുണക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യക്ക് ദയനീയ തോൽവി നേരിട്ടിരുന്നു. 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റൺസിന് ഓൾ ഔട്ടായി 30 റൺസിന്റെ അവിശ്വസനീയമായ തോൽവിയാണ് വഴങ്ങിയത്. ഗുവാഹത്തിയിൽ ജയിച്ചാൽ മാത്രമായിരുന്നു പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് അവസരമുണ്ടായിരുന്നത്.