ദില്ലി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന് പിന്തുണയുമായി യൂസ്‌വേന്ദ്ര ചാഹൽ. മൂന്ന് ഫോർമാറ്റുകളിലും കുൽദീപ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറാണെന്ന് ചാഹൽ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പരമ്പരയിലെ രണ്ടാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളർമാരുടെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

പരമ്പരയിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരനായി കണക്കാക്കപ്പെട്ടിരുന്ന കുൽദീപിന് ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 19 ഓവറിൽ 67 ശരാശരിയിൽ 134 റൺസാണ് താരം വഴങ്ങിയത്. രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ, 10 ഓവറിൽ 82 റൺസ് വഴങ്ങിയത് കുൽദീപിന്റെ മോശം ഫോമിന് തെളിവാണ്.

കനത്ത വിമർശനങ്ങൾക്ക് മറുപടിയെന്നോണം, കുൽദീപിനെ പിന്തുണച്ച് യൂസ്‌വേന്ദ്ര ചാഹൽ എക്സിൽ കുറിച്ച പോസ്റ്റിൽ, "മൂന്ന് ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ കുൽദീപാണെ"ന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘകാലം ഒരുമിച്ച് കളിച്ചവരാണ് കുൽദീപും ചാഹലും. ഏകദിന ക്രിക്കറ്റിൽ ഇരുവരും മാരകമായ ഒരു കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 70 ഏകദിന മത്സരങ്ങളിൽ ഒരുമിച്ച് പന്തെറിഞ്ഞ ഇവർ 130 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ 70 വിക്കറ്റുകൾ കുൽദീപും 60 വിക്കറ്റുകൾ ചാഹലും നേടിയിട്ടുണ്ട്.

അതേസമയം, രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം ബൗളർമാരെയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കുറ്റപ്പെടുത്തിയത്. മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്നതാണ് തോൽവിക്ക് കാരണമായതെന്ന് മത്സരശേഷം ഗിൽ അഭിപ്രായപ്പെട്ടു. "അഞ്ച് ഫീൽഡർമാർ സർക്കിളിനകത്ത് നിൽക്കുമ്പോൾ വിക്കറ്റുകൾ വീഴ്ത്തിയില്ലെങ്കിൽ കളി ജയിക്കുക പ്രയാസമാണ്.

മത്സരത്തിൽ ഇന്ത്യ 15-20 റൺസ് അധികം നേടിയിരുന്നെങ്കിൽ പോലും മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമുണ്ടാകില്ലായിരുന്നില്ല," ഗിൽ പറഞ്ഞു. മത്സരത്തിന്റെ ആദ്യ പത്തോവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ഓപ്പണർമാരെ പുറത്താക്കി സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞെങ്കിലും, മധ്യ ഓവറുകളിൽ ന്യൂസിലൻഡ് ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കളി കൈവിട്ടുപോയതെന്നും ഗിൽ കൂട്ടിച്ചേർത്തു.