- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫിയില്‍ 'മഴക്കളി'; ഒറ്റപ്പന്തുപോലും എറിയാതെ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു; ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം; മരണഗ്രൂപ്പായി ബി; സെമിപ്രവേശനത്തിന് പോരാട്ടം കടുക്കും
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി-യിലെ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. രാവിലെ മുതല്‍ തുടരുന്ന മഴകാരണം ഒരു പന്തുപോലും എറിയാനായില്ല. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിന് ഉച്ചയ്ക്ക് രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴ മണിക്കൂറുകളോളം തടസ്സം സൃഷ്ടിക്കുകയായിരുന്നു. 2.30-നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷവും മത്സരം നടത്താന്‍ സാധിക്കില്ലെന്ന് കണ്ടതോടെയാണ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടു. 20 ഓവര്‍ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാല്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം പോയിന്റോടെ ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാമതുമാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്.
ഗ്രൂപ്പില്‍ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ബുധനാഴ്ച പരസ്പരം ഏറ്റുമുട്ടും. ഇതില്‍ തോല്‍ക്കുന്ന ടീം ഗ്രൂപ്പ് എയിലെ പാകിസ്ഥാനും ബംഗ്ലാദേശിനുമൊപ്പം ടൂര്‍ണമെന്റിന് പുറത്തേക്ക് വഴികാണും. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടിരുന്നു.
ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ചരിത്രവിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഓസ്ട്രേലിയ എത്തിയത്. അഫ്ഗാനിസ്താനെ 107 റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
മത്സരം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിലെ സെമിപ്രവേശനത്തിനായുള്ള പോരാട്ടം വീണ്ടും കടുക്കും. ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും ഇനി വിജയിച്ചാല്‍ സാധ്യതയേറും. അതോടൊപ്പം റണ്‍റേറ്റും നിര്‍ണായകമാകും. ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചിരുന്നു.