- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം ആവര്‍ത്തിക്കുമോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം; അഫ്ഗാനിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടും; അഫ്ഗാന്‍ ജയിച്ചാല്‍ മാത്രം സെമിയിലേക്ക്; ഓസീസിന് മത്സരം സമനില പിടിച്ചാലും സെമിബെര്‍ത്ത് ഉറപ്പിക്കാം
ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം.അഫ്ഗാനിസ്ഥാന്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍. ഓസീസിന്റെ കഴിഞ്ഞ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇരു ടീമുകള്‍ക്കും സെമി പ്രതീക്ഷയോടെയാണ് ഇറങ്ങുക. ഒസീസിന് ഒരു പോയിന്റ് മാത്രം അകലെയാണ് സെമി സ്വപ്‌നം. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴ കാരം ഉപേക്ഷിച്ചതിനാല്‍ ഒരു പൊയിന്റ് ടീമിന് ലഭിച്ചിരുന്നു. ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാലും, സമനിലയില്‍ ആയാലും ടീമിന് സെമിയിലേക്ക് കടക്കാം. അതേസമയം അഫ്ഗാന്റെ കാര്യം അങ്ങനെയല്ല. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ സെമിയിലേക്ക് കടക്കുകയുള്ളൂ. ഇന്ന് ഓസീസിനെ തോല്‍പ്പിക്കാനായാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായി സെമിയിലേക്ക് മുന്നേറാന്‍ അഫ്ഗാന്‍ ടീമിന് കഴിയും.
നിലവില്‍ ലാഹോറില്‍ മഴ ഭീഷണിയുണ്ട്. 2023ലെ ഏകദിന ലോകകപ്പിലെ സമാന സ്ഥിതിയില്‍ അഫ്ഗാന്‍ ഓസീസിനെ നേരിട്ടിരുന്നു. എന്നാല്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നും ഗ്ലെന്‍ മാക്സ്വെല്‍ നേടിയ ഇരട്ട സെഞ്ച്വറി ഓസീസിനെ രക്ഷിച്ചു. അന്ന് പരിക്കുപറ്റിയിട്ടും ക്രീസ് വിടാതെ മാക്സ്വെല്‍ നടത്തിയ പ്രകടനം ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ആ മാക്സ്വെല്‍ ഇന്നും ഓസീസ് നിരയില്‍ ഇറങ്ങുന്നുണ്ട്.
2024ലെ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച ചരിത്രം അഫ്ഗാനുണ്ട്. സൂപ്പര്‍ എട്ടില്‍ അന്ന് 21 റണ്‍സിനാണ് അവര്‍ ഓസീസിനെ പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി അവര്‍ ഒരു ഐസിസി പോരാട്ടത്തിന്റെ സെമിയിലേക്കും മുന്നേറി. ആ ഓര്‍മകളുടെ ബലത്തിലാണ് അഫ്ഗാന്‍ ഓസീസിനെതിരെ ഇറങ്ങുന്നത്.