ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ജേതാക്കളെ നിര്‍ണയിക്കുന്നത് സ്പിന്‍ ബൗളര്‍മാരായിരിക്കും. നാളെ ദുബായിലെ മൈതാനത്ത് ഉച്ചയ്ക്ക് 2.30 മുതല്‍ തീപാറും പോരാട്ടമാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് കിരീടപ്പോരാട്ടത്തിനും ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആകെയുള്ള ഏഴ് പിച്ചുകളില്‍ ഏറ്റവും മധ്യത്തിലുള്ളതാണ് ഇന്ത്യ-പാക് മത്സരത്തിന് ഉപയോഗിച്ചത്.

പകല്‍ സമയത്ത് താപനില 32 ഡിഗ്രിയും രാത്രിയില്‍ 24 ഡിഗ്രിയുമാണ് ചൂട്. നാളെ മഴ പെയ്ത് മത്സരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച ഫൈനല്‍ വീണ്ടും നടക്കും. അന്നേ ദിവസവും മഴമൂലം മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കു. ഇരു ടീമുകളും മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയത്. വിരാട് കോഹ്‌ലിക്ക് കാല്‍മുട്ടിന് പരിക്കേറ്റെങ്കിലും ഞായറാഴ്ചത്തെ ഫൈനലില്‍ കളിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം ടീമില്‍ നിരവധി പരീക്ഷണങ്ങള്‍ക്കും സാധ്യതയുണ്ട്. കുല്‍ദീപ് യാദവിന് പകരം ഇടംകയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പ്ലേയിങ് ഇലവനില്‍ എത്താന്‍ സാധ്യതയുണ്ട്. ഇതിലൂടെ ബൗളിങ് ആക്രമണത്തില്‍ വേരിയേഷന്‍ കൊണ്ടുവരാന്‍ ഇന്ത്യക്കാവും. താരത്തിന്റെ സ്വിങ്ങും ഡെത്ത് ഓവറിലെ മികവും ഇന്ത്യക്ക് ഫൈനലില്‍ ഗുണം ചെയ്‌തേക്കും. ടൂര്‍ണമെന്റില്‍ ഇതുവരെ അര്‍ഷ്ദീപ് കളിച്ചിട്ടില്ല. മറുവശത്ത് കുല്‍ദീപിന് മറ്റ് സ്പിന്നര്‍മാരുടെ അത്ര ഇംപാക്റ്റ് സൃഷ്ടിക്കാനും സാധിച്ചിട്ടില്ല. അതിനാല്‍ അര്‍ഷ്ദീപിന് ചിലപ്പോള്‍ പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും.

ബാറ്റിങ്ങിന് ആഴം കൂട്ടാന്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ ഏഴാമതായി ബാറ്റിങ്ങിന് ഇറക്കാനും സാധ്യതയുണ്ട്. ഡെത്ത് ഓവറുകളില്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനും ഫിനിഷിങ്ങിനുമുള്ള ജഡേജയുടെ കഴിവ് ഫൈനലില്‍ നിര്‍ണായകമായേക്കാം. കരിയറില്‍ ന്യൂസിലന്‍ഡിന് എതിരെ മികച്ച ബാറ്റിങ് റെക്കോര്‍ഡുമാണ് രവീന്ദ്ര ജഡേജയ്ക്കുള്ളത്. ഇടംകയ്യന്‍ ബാറ്ററായ രവീന്ദ്ര ജഡേജയ്ക്ക് ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കാനാവും. കലാശപ്പോരില്‍ കെ.എല്‍. രാഹുലിന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റവും പ്രതീക്ഷിക്കാം. ഇത് മധ്യനിരയെ ശക്തിപ്പെടുത്തും. രാഹുലിന്റെ പരിചയസമ്പത്തും സാങ്കേതിക തികവും ഇന്ത്യക്ക് ഫൈനലില്‍ ഗുണം ചെയ്യും.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരു ടീമുകളും 50 ഓവര്‍ വീതം ബാറ്റ് ചെയ്താല്‍ അതില്‍ പകുതിയോളം ഓവറും എറിയുക ഇടംകയ്യന്‍ സ്പിന്നര്‍മാരാകും. രവീന്ദ്ര ജഡേജയിലും അക്ഷര്‍ പട്ടേലിലുമാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ക്യാപ്റ്റന്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയുമാണ് ന്യൂസിലന്‍ഡിന് പ്രതീക്ഷ നല്‍കുന്നത്. ഇടംകയ്യന്‍, ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനമാണ് വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ കളിച്ചാണ് ഇന്ത്യയുടെ ടോപ്, മധ്യനിര ബാറ്റര്‍മാര്‍ കൂടുതലായും പരിശീലനം നടത്തിയത്.