മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വം. പ്രമുഖ താരങ്ങളുടെ പരിക്ക് അടക്കം പരിഗണിച്ചാണ് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. സാധാരണ ഐസിസി ടൂര്‍ണമെന്റുകള്‍ തുടങ്ങുന്നതിന്റെ ഒരുമാസം മുമ്പാണ് ടീം പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡ് അഞ്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഐസിസി നിര്‍ദേശപ്രകാരം ജനുവരി 12ന് മുമ്പ് ടീം പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ബിസിസിഐ, ടീം പ്രഖ്യാപനത്തിന് കൂടുതല്‍ സമയം ചോദിക്കുമെന്നാണ് അറിയുന്നത്. ഇതോടെ ടീം പ്രഖ്യാപനം നാളേയും ഉണ്ടായിരിക്കില്ല.

അതേ സമയം ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ കളിച്ച അതേ ടീമിനെ മുഖ്യ സിലക്ടറായ അജിത് അഗാര്‍ക്കറും സംഘവും നിലനിര്‍ത്തുമെന്നാണ് സൂചന. അതേ സമയം ഓസ്‌ട്രേലിയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബെയെയും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കും.

സമീപകാലത്തെ മോശം പ്രകടനമാണെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളില്‍ ടീമിനൊപ്പം തുടരും. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ജഡേജയുടെ വൈറ്റ് ബോള്‍ കരിയറിന് തന്നെ ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്.

അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലുള്ളപ്പോള്‍ ജഡേജ മാറ്റിനിര്‍ത്താന്‍ സെലക്റ്റര്‍മാര്‍ നിര്‍ബന്ധിതരാകും. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെ തമിഴ്നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ചാംപ്യന്‍സ് ട്രോഫി ടീമിലും ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ആറ് മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മിന്നുന്ന ഫോമിലായിരുന്നു. മുഹമ്മദ് ഷമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തും. അര്‍ഷ്ദീപ് സിംഗിന്റെ തിരിച്ചുവരവും കാണാം.

എന്നാല്‍ ജസ്പ്രീത് ബുമ്ര കളിക്കുന്ന കാര്യ ഇപ്പോഴും സംശയത്തിലാണ്. ബാറ്റിംഗ് നിരയില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തോ സഞ്ജു സാംസണോ ടീമിലെത്തുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലിനെയും യശസ്വി ജയ്സ്വാളിനെയും ടീമിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കെ എല്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാകുമ്പോള്‍ പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തും.

ഈ മാസം 22നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരകളിലും രാഹുലിന് വിശ്രമം അനുവദിച്ചാലും അദ്ദേഹം അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതും പ്രധാന വിക്കറ്റ് കീപ്പറായി തന്നെ.

ഇംഗ്ലണ്ടിനെതിരെ താരത്തിന് വിശ്രമം ലഭിക്കുന്നതോടെ മലയാളി താരം സഞ്ജു സാംസണിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളും കളിച്ച താരമാണ് രാഹുല്‍. അതുകൊണ്ടാണ് വിശ്രമം നല്‍കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു. പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്ത്യ ജയിച്ച പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി തിളങ്ങിയ രാഹുലിന് പിന്നീട് ആ മികവ് നിലിര്‍ത്താനായിരുന്നില്ല. ചാംപ്യന്‍സ് ട്രോഫി ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി രാഹുല്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന രാഹുല്‍ 75.33 ശരാശരിയില്‍ 452 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് രാഹുലിനെ പ്രധാന കീപ്പറാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര കളിക്കാമെന്നുള്ള സഞ്ജുവിന്റെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയായി.

രാഹുല്‍ വരുമ്പോള്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുമോ എന്നും ഉറപ്പില്ല. ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താനാണ് ഏറെ സാധ്യത. കാരണം ചാംപ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കുന്നതും പന്തിനെ തന്നെയാണ്. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന്റെ കാര്യം ഉറപ്പ് പറയാന്‍ കഴിയില്ല.

കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ ശ്രീലങ്കക്കെതിരായ ഒരു ഏകദിനത്തില്‍ മാത്രമാണ് ഋഷഭ് പന്ത് കളിച്ചത്. ഇതില്‍ ആറ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിന് ഏകദിനങ്ങളില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്.