- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണും സഞ്ജുവും പുറത്തിരിക്കും; വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും കെ എല്‍ രാഹുലും; സിറാജിന് പകരം അര്‍ഷ്ദീപ്; മുഹമ്മദ് ഷമി തിരിച്ചെത്തി; രോഹിത് നയിക്കുന്ന ടീമില്‍ യശ്വസി 'പുതുമുഖം'; വൈകി പ്രഖ്യാപിച്ചിട്ടും കാതലായ മാറ്റമില്ലാതെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, മുഹമ്മദ് ഷമി തിരിച്ചെത്തി
ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണിനോ വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന വിദര്‍ഭ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ക്കോ ഇടംനേടാനായില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണു ടീം പ്രഖ്യാപനം നടത്തിയത്.
ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. കെ.എല്‍. രാഹുലും ടീമില്‍ വിക്കറ്റ് കീപ്പറായുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ശനിയാഴ്ച രാവിലെ സിലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാള്‍ ഇടം കണ്ടെത്തി. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി. അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി.
സിലക്ഷന്‍ കമ്മിറ്റി യോഗം നീണ്ടുപോയതോടെ 12.30ന് തീരുമാനിച്ചിരുന്ന വാര്‍ത്താ സമ്മേളനം മൂന്നു മണിയോടെയാണ് ആരംഭിച്ചത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചാംപ്യന്‍സ് ട്രോഫി ടീമിലുണ്ട്. ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുക.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളിലും ഈ ടീം തന്നെ കളിക്കും. ആശങ്കകള്‍ക്ക് വിരാമമിട്ട് ജസ്പ്രിത് ബുമ്രയും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ബുമ്ര കളിക്കില്ല. പകരം ഹര്‍ഷിത് റാണ കളിക്കും. പരിക്കില്‍ നിന്ന് മോചിതനായ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തി. പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്.
അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം തൊട്ടടുത്ത ദിവസമാണ്. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ഒമ്പതിനും മൂന്നാം ഏകദിനം 12നും നടക്കും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം അറിയാം. ഇംഗ്ലണ്ടിനെതിരെ ബുമ്രയ്ക്ക് പകരം ഹര്‍ഷിത് റാണ കളിക്കും.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഈ മാസം 22നാണ് ആദ്യ ട്വന്റി 20.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍).