ചെന്നൈ: ഐപിഎൽ താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് കൂടുതൽ താരങ്ങളെ ഒഴിവാക്കാൻ ഒരുങ്ങുന്നതായ് റിപ്പോർട്ടുകൾ. താരലേലത്തിന് മുൻപ് നിലനിർത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂസിലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, ഡെവോൺ കോൺ‌വേ എന്നിവരെ ടീം കൈവിടുമെന്ന് സൂചനയുണ്ട്. കൂടാതെ, വിജയ് ശങ്കർ, ദീപക് ഹൂഡ തുടങ്ങിയ ഇന്ത്യൻ താരങ്ങളെയും ഒഴിവാക്കാൻ സാധ്യതയുണ്ട്. ഇത് അടുത്ത മാസം നടക്കുന്ന താരലേലത്തിനായി ടീമിന് വലിയ തുക നീക്കിവെക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, രചിൻ രവീന്ദ്രയെ 1.8 കോടി രൂപയ്ക്കും ഡെവോൺ കോൺ‌വേയെ 6.25 കോടി രൂപയ്ക്കുമാണ് ചെന്നൈ കഴിഞ്ഞ മെഗാ ലേലത്തിൽ സ്വന്തമാക്കിയത്. വിജയ് ശങ്കറിനായി 1.20 കോടി രൂപയും ദീപക് ഹൂഡയ്ക്കായി 1.70 കോടി രൂപയുമാണ് ചെന്നൈ മുടക്കിയത്. താരങ്ങളെ ഒഴിവാക്കുന്നതിലൂടെ ഏകദേശം 30 കോടി രൂപയെങ്കിലും താരലേലത്തിനായി ചെന്നൈയുടെ പഴ്സിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം, ശ്രീലങ്കൻ പേസർ പതിരാനയെയും ഓസ്ട്രേലിയൻ പേസർ നഥാൻ എല്ലിസിനെയും സ്വന്തമാക്കാൻ മറ്റ് ടീമുകൾ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇവരെ വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറല്ല. പതിരാനയ്ക്കായി 13 കോടി രൂപയും നഥാൻ എല്ലിസിനായി 2 കോടി രൂപയുമാണ് ചെന്നൈ മുടക്കിയത്.

രാജസ്ഥാൻ റോയൽസിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യമായ നീക്കങ്ങൾ നടക്കുന്നുണ്ട്. രവീന്ദ്ര ജഡേജയെയും സാം കറനെയും കൈമാറുന്നതിലൂടെ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നത്. എന്നാൽ, വിദേശ താരങ്ങളുടെ ക്വാട്ട സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കാരണം സാം കറനെ രാജസ്ഥാന് നിലവിൽ ടീമിലെടുക്കാൻ സാധ്യമല്ലാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം.