ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരത്തിലെ കണ്‍കഷന്‍ സബ്ബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ സംഭവത്തില്‍ മാച്ച് റഫറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ്. ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ക്ക് പകരം പേസറെ കളിപ്പിക്കാന്‍ അനുവദിച്ച മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്ന് ക്രിസ് ബ്രോഡ് പറഞ്ഞു. ഇന്ത്യന്‍ മുന്‍ താരം ജവഗല്‍ ശ്രീനാഥായിരുന്നു പരമ്പരയിലെ മാച്ച് റഫറി.

മത്സരങ്ങള്‍ക്ക് നിഷ്പക്ഷ ഒഫീഷ്യലുകളെ നിയോഗിക്കാതെ ഐസിസി വീണ്ടും അഴിമതിയുടെയും പക്ഷപാതപരമായ തീരുമാനങ്ങളുടെയും ആ പഴയ ഇരുണ്ട കാലത്തിലേക്കാണ് പോകുന്നത്. മത്സരം നിയന്ത്രിച്ചത് സ്വതന്ത്ര ഒഫീഷ്യലുകളായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലായിരുന്നു.

എന്തുകൊണ്ടാണ് ഐസിസി വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ചുപോകുന്നത്? ഹര്‍ഷിത് റാണയെ ശിവം ദുബെയുടെ കണ്‍കഷന്‍ പകരക്കാരനായി കണക്കാക്കാനാവില്ലെന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. എങ്ങനെയാണ് ഇന്ത്യക്കാരനായ മാച്ച് റഫറി ഇത് അനുവദിച്ചത്? ഇവിടെയാണ് നിഷ്പക്ഷ ഒഫീഷ്യലുകളുടെ പ്രാധാന്യം- ക്രിസ് ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

നാലം ട്വന്റി-20യില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റ ശിവം ദുബെ ഫീല്‍ഡില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. പകരം കണ്‍കഷന്‍ സബ്ബായി എത്തിയ ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. റാണ പേസ് ബൗളറാണെന്നും ദുബെ വല്ലപ്പോഴും ബൗള്‍ ചെയ്യുന്ന ഒരു ബാറ്റിങ് ഓള്‍റൗണ്ടറാണെന്നുമുള്ളതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.