ജമ്മു: ജമ്മു ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഫലസ്തീൻ പതാക പതിച്ച ഹെൽമെറ്റ് ധരിച്ച ജമ്മു കശ്മീർ ക്രിക്കറ്റർ ഫുർഖാൻ ഭട്ടിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്. ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിൽ ജെകെ11 കിംഗ്‌സ് ടീമിനായി കളിക്കുമ്പോഴാണ് ഫുർഖാൻ ഭട്ട് ഫലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെകെ11 കിംഗ്‌സും ജമ്മു ട്രെയിൽബ്ലേസേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

ഫുർഖാൻ ഭട്ട് ഫലസ്തീൻ പതാകയുള്ള ഹെൽമെറ്റ് ധരിച്ച് കളിക്കുന്നത് വീഡിയോകളിലും ചിത്രങ്ങളിലും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് സംഭവത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. വസ്തുതകൾ പരിശോധിക്കുന്നതിനായി ഫുർഖാൻ ഭട്ടിനെയും ലീഗിന്റെ സംഘാടകനെയും പോലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ക്രിക്കറ്ററിൽ നിന്ന് പോലീസ് വിശദീകരണം തേടിയിട്ടുണ്ട്. ഹെൽമെറ്റിൽ പലസ്തീൻ പതാക പതിച്ച് ബാറ്റ് ചെയ്യുന്ന ഫുർഖാൻ ഭട്ടിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു.

ഇത് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കി. ക്രിക്കറ്റ് പ്രചാരണത്തിനോ രാഷ്ട്രീയ ചിഹ്നങ്ങൾക്കോ ഉള്ള വേദിയല്ലെന്നും, പ്രത്യേകിച്ച് ഇന്ത്യയുടെ തന്ത്രപ്രധാനമായ സുരക്ഷാ സാഹചര്യത്തിൽ ഇത് പ്രകോപനപരവുമായ നടപടിയാണെന്നും നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആരോപിച്ചു. സംഭവത്തിൽ ഇതുവരെ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യൽ മാത്രമാണ് നിലവിൽ നടന്നിട്ടുള്ളതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, ടൂർണമെന്റുമായി യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) വ്യക്തമാക്കി. ലീഗ് തങ്ങളുടെ ബാനറിൽ സംഘടിപ്പിക്കപ്പെട്ടതല്ലെന്നും ഫുർഖാൻ ഭട്ടിന് ജെകെസിഎയുമായി ബന്ധമില്ലെന്നും അസോസിയേഷൻ പറഞ്ഞു. ലീഗുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ജെകെസിഎ അറിയിച്ചു.