മുംബൈ: ഇന്ത്യയുടെ ഇടിവെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഫോമില്‍ ടീമിന് ആശങ്ക. കഴിഞ്ഞ ആറ് ഇന്നിങ്സുകളില്‍ നാലിലും അഭിഷേക് ശര്‍മ്മ പൂജ്യത്തിന് പുറത്തായി. ഇതില്‍ മൂന്നെണ്ണം 'ഗോള്‍ഡന്‍ ഡക്ക്' ആയിരുന്നു. 2026 ട്വന്റി20 ലോകകപ്പില്‍ താരം കളിച്ച രണ്ട് ഇന്നിങ്സുകളിലു പൂജ്യത്തിനാണ് പുറത്തായത്. താരതമ്യേനെ ദുര്‍ബലരായ യുഎസ്എ, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് ശര്‍മ ഗോള്‍ഡന്‍ ഡക്കായത്. ഇതോടെ ആശിഷ് നെഹ്റ, ബംഗ്ലാദേശ് താരം ഇമ്രുള്‍ കെയ്സ് എന്നിവര്‍ക്ക് പിന്നാലെ ലോകകപ്പിലെ ആദ്യ രണ്ട് ഇന്നിങ്സുകളിലും ഡക്കാകുന്ന മൂന്നാമത്തെ താരം എന്ന നാണക്കേടിന്റെ റെക്കോര്‍ഡും താരം സ്വന്തമാക്കി.

0, 68 നോട്ടൗട്ട്, 0,30,0,0 എന്നിങ്ങനെയാണ് കഴിഞ്ഞ ആറു മത്സരങ്ങളില്‍ അഭിഷേകിന്റെ സ്‌കോര്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നമീബിയയ്ക്കെതിരായ മത്സരം അഭിഷേകിന് നഷ്ടമായിരുന്നു. അതിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തിലാണ് പാക്കിസ്ഥാനെതിരേ നിരാശാജനകമായ പ്രകടനം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും താരത്തിന്റെ ഫോം അസ്ഥിരമായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അരസെഞ്ച്വറി നേടിയ അഭിഷേക് പക്ഷേ, രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി. മൂന്നാം മത്സരത്തില്‍ വീണ്ടും അര്‍ധസെഞ്ച്വറി നേടി കരുത്ത് കാട്ടി. നാലാം മത്സരത്തില്‍ വീണ്ടും ഗോള്‍ഡന്‍ ഡക്ക്. തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തില്‍ 26 പന്തില്‍ 30 റണ്‍സ് നേടി കരുത്ത് തെളിയിച്ചു. സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതാണ് അഭിഷേകിന്റെ പ്രശ്നം.

ഇന്നലെ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ തന്ത്രമാണ് അഭിഷേകിനെ വീഴ്ത്തിയത്. സാധാരണ പേസര്‍മാര്‍ എറിയാറുള്ള ആദ്യ ഓവര്‍ സ്പിന്നറായ സല്‍മാന്‍ തന്നെ എറിയുകയും നാലാം പന്തില്‍ അഭിഷേകിനെ പുറത്താക്കുകയും ചെയ്തു. അതേസമയം, അഭിഷേകിന്റെ റോളിലേക്ക് ഇഷാന്‍ കിഷന്‍ നടത്തിയ പരകായ പ്രവേശമാണ് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പേകുന്നത്.

നിലവില്‍ ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞു. സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നമീബിയയ്ക്ക് എതിരേ തുടക്കം മികച്ചതായിരുന്നെങ്കിലും അവസാന ഓവറില്‍ കൂട്ടത്തകര്‍ച്ചയാണ് ഉണ്ടായത്. ഇതു കാരണം പ്രതീക്ഷിച്ച സ്‌കോറില്‍ എത്താന്‍ കഴിഞ്ഞില്ല. ഒത്തിണക്കമുള്ള ഒരു ടീമുമായി ഇന്ത്യ ഇതു വരെ കളിച്ചിട്ടില്ല എന്നുള്ളതും ബാറ്റിങ് നിരയുടെ പിഴവ് മറയ്ക്കാന്‍ സഹായിക്കുന്നു.

ശക്തമായ ബൗളിങ്, ബാറ്റിങ് നിരയുള്ള ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളുമായി കളിക്കുമ്പോഴാകും ഇന്ത്യ ശരിക്കും പരീക്ഷിക്കപ്പെടുക. ഗ്രൂപ്പ് സ്റ്റേജില്‍ ഇന്ത്യയ്ക്ക് ഇനി മത്സരം നെതര്‍ലന്‍ഡ്സുമായിട്ടാണ്. ഇന്ത്യയെ അപേക്ഷിച്ച് ദുര്‍ബലമായ ടീമാണ് നെതര്‍ലന്‍ഡ്സ്. ഇടവേളയ്ക്ക ശേഷം ടീമില്‍ എത്തിയ തിലക് വര്‍മയ്ക്ക് മികച്ചൊരു ഇന്നിങ്സ് കളിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യ സൂപ്പര്‍ എട്ടില്‍ എ്ത്തിയ സ്ഥിതിക്ക് അടുത്ത കളിയില്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. റിങ്കു സിങിന് പകരം സഞ്ജുസാംസണ്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.