- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ മക്കളുടെ രക്തത്തിൽ ഭീകരതയുണ്ട്, നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ'; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ഓസീസ് താരം ഉസ്മാൻ ഖവാജയ്ക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം
സിഡ്‌നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയ്ക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപവും വിദ്വേഷ പ്രചാരണവും. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത പരിപാടിക്കിടെയുണ്ടായ അക്രമാസക്തമായ സംഭവത്തിന് പിന്നാലെയാണ് പാകിസ്ഥാൻ വംശജനായ ഖവാജയെയും അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും ലക്ഷ്യമിട്ട് സൈബർ ആക്രമണം നടക്കുന്നത്.
24-കാരനായ നവീദ് അക്രമും പിതാവ് സാജിദ് അക്രമും ചേർന്ന് ബോണ്ടി ബീച്ചിലെ ജൂത പരിപാടിക്കിടെ നടത്തിയ ആക്രമണമാണ് ഓസ്‌ട്രേലിയയിൽ ഇസ്‌ലാം വിരുദ്ധ വികാരം വർദ്ധിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഖവാജയുടെ കുടുംബത്തെ ലക്ഷ്യമിട്ട് ട്രോളുകളും വിദ്വേഷ സന്ദേശങ്ങളും പ്രവഹിച്ചു.
ഖവാജയുടെ ഭാര്യ റേച്ചൽ ഖവാജയാണ് തങ്ങൾ നേരിടുന്ന ക്രൂരമായ സൈബർ ആക്രമണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. "നിങ്ങളുടെ കുട്ടികളുടെ രക്തത്തിൽ ഭീകരതയുണ്ട്", "നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ" തുടങ്ങിയ അങ്ങേയറ്റം മോശമായ സന്ദേശങ്ങളാണ് ഖവാജയുടെ മക്കളെ ലക്ഷ്യമിട്ട് വരുന്നത്. ഇത്തരം വിദ്വേഷ സന്ദേശങ്ങൾ നേരത്തെയും ലഭിക്കാറുണ്ടെങ്കിലും ഇപ്പോൾ അത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് റേച്ചൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ബോണ്ടി ബീച്ച് ആക്രമണത്തെ ഖവാജ നേരത്തെ തന്നെ ശക്തമായി അപലപിച്ചിരുന്നു. "ബോണ്ടിയിലെയും ജൂത സമൂഹത്തിലെയും ജനങ്ങൾക്കൊപ്പം എന്റെ മനസ്സ് വിങ്ങുന്നു. രണ്ട് വർഷത്തിനിടെ രണ്ട് ക്രൂരമായ കുറ്റകൃത്യങ്ങൾ. ഇത് അങ്ങേയറ്റം വേദനിപ്പിക്കുന്ന വാർത്തയാണ്," എന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി അദ്ദേഹം പ്രാർത്ഥനകൾ നേരുകയും ചെയ്തു.
വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ ഖവാജയുടെ ക്രിക്കറ്റ് കരിയറും പ്രതിസന്ധിയിലാണ്. ഫോമില്ലായ്മയെ തുടർന്ന് അഡ്‌ലെയ്ഡിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. 39 വയസ്സുകാരനായ ഖവാജയുടെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമാണോ കഴിഞ്ഞുപോയതെന്ന് ആരാധകർക്കിടയിൽ ആശങ്കയുണ്ട്. എങ്കിലും, അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചുവെന്ന് പറയാൻ താൻ തയ്യാറല്ലെന്ന് ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡ് വ്യക്തമാക്കി.




