മെൽബൺ: മാരകമായ മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ ആശുപത്രി വിട്ടു. എട്ട് ദിവസത്തോളം കൃത്രിമ കോമയിൽ മരണത്തോട് പൊരുതിയ ശേഷമാണ് മാർട്ടിൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആശുപത്രിയിൽ നിന്നുള്ള ഹൃദയസ്പർശിയായ കുറിപ്പിലൂടെ താരം തന്നെയാണ് തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 2025 ഡിസംബർ 27-നാണ് മാർട്ടിനെ മസ്തിഷ്‌കജ്വരബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി കോമയിലേക്ക് മാറിയെങ്കിലും, എട്ട് ദിവസത്തോളം 'പാരാലൈസ്ഡ് കോമ'യിൽ കഴിഞ്ഞ ശേഷം അദ്ദേഹം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തുകയായിരുന്നു. കോമയിൽ നിന്ന് പുറത്തുവന്ന് നാല് ദിവസത്തിനുള്ളിൽ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നടക്കാനും സംസാരിക്കാനും ആരംഭിച്ചതായി മാർട്ടിൻ തന്റെ 'എക്‌സ്' (മുൻപ് ട്വിറ്റർ) പേജിലൂടെ അറിയിച്ചു.

വീട്ടിൽ തിരിച്ചെത്തിയതിലും കടൽത്തീരത്തെ മണലിൽ കാൽ ചവിട്ടി നിൽക്കാൻ കഴിഞ്ഞതിലുമുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. "2026-നെ വരവേൽക്കാൻ ഞാൻ തിരിച്ചെത്തിയിരിക്കുന്നു! ഈ സമയത്ത് എനിക്കും എന്റെ കുടുംബത്തിനും പിന്തുണയുമായി എത്തിയ എല്ലാവർക്കും നന്ദി," ഒരു കടൽത്തീരത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം താരം കുറിച്ചു. ജീവിതം എത്രമാത്രം ദുർബലമാണെന്ന് ഈ അനുഭവം തന്നെ ഓർമിപ്പിച്ചുവെന്നും, ഈ വേദനാജനകമായ അനുഭവം ജീവിതത്തിന്റെ നൈമിഷികത എന്തെന്ന് പഠിപ്പിച്ചുവെന്നും മാർട്ടിൻ കൂട്ടിച്ചേർത്തു.

മാർട്ടിന്റെ കുറിപ്പിന്റെ പൂർണ രൂപം:

"എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്നെ സ്നേഹത്തോടെ സമീപിച്ച മറ്റെല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാൻ വേണ്ടിയാണ് ഈ കുറിപ്പ്!

2025 ഡിസംബർ 27-ന് എന്റെ ജീവിതം എന്റെ കൈകളിൽ നിന്നും നഷ്ടമായി... മെനിഞ്ചൈറ്റിസ് (Meningitis) എന്ന രോഗം എന്റെ തലച്ചോറിനെ വിഴുങ്ങിയപ്പോൾ, ആ ഭയാനകമായ രോഗത്തോടു പോരാടാൻ വേണ്ടി 8 ദിവസത്തോളം എന്നെ തളർത്തിയ നിലയിലുള്ള കോമയിൽ പ്രവേശിപ്പിച്ചു. ഞാൻ ആ പോരാട്ടം ജയിച്ചു!

ജീവൻ നിലനിൽക്കാൻ 50/50 സാധ്യത മാത്രം കൽപ്പിക്കപ്പെട്ട അവസ്ഥയിൽ നിന്നും 8 ദിവസത്തിന് ശേഷം ഞാൻ കോമയിൽ നിന്ന് ഉണർന്നു. അന്ന് എനിക്ക് നടക്കാനോ സംസാരിക്കാനോ കഴിയുമായിരുന്നില്ല. എന്നാൽ വെറും 4 ദിവസത്തിന് ശേഷം ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ നടക്കുകയും സംസാരിക്കുകയും ചെയ്തു. ആശുപത്രി വിട്ട് വിശ്രമത്തിനായി വീട്ടിലേക്ക് മടങ്ങാൻ ഞാൻ പൂർണ്ണ ആരോഗ്യവാനാണെന്ന് അവരെയെല്ലാം ബോധ്യപ്പെടുത്തി.

വീട്ടിൽ തിരിച്ചെത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്. കടൽത്തീരത്തെ മണലിൽ പാദങ്ങൾ സ്പർശിക്കാനും, എനിക്കും എന്റെ കുടുംബത്തിനും ഉറച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയാനും സാധിച്ചതിൽ കൃതജ്ഞതയുണ്ട്.

ജീവിതം എത്രത്തോളം ദുർബലമാണെന്നും, എത്ര പെട്ടെന്നാണ് എല്ലാം മാറിമറിയുന്നതെന്നും, സമയം എത്ര വിലപ്പെട്ടതാണെന്നും ഈ അനുഭവം എന്നെ ഓർമ്മിപ്പിച്ചു!

ഈ ലോകത്ത് ഒരുപാട് നല്ല മനുഷ്യരുണ്ട്... പാരാമെഡിക്സ് (Mermaid Waters Ambulance), ഡോക്ടർമാർ, നഴ്സുമാർ മുതൽ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകൾ വരെ അതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അത്രയും മികച്ച മനുഷ്യരെ എനിക്ക് പരിചയപ്പെടാൻ സാധിച്ചു, അല്ലെങ്കിൽ സ്നേഹത്തിന്റെയും പിന്തുണയുടെയും സന്ദേശങ്ങളിലൂടെ അവർ എന്നെ തേടിയെത്തി."