എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ മണിക്കൂറോളം കാത്തിരുന്നതാണ് താരത്തിനെ വിമര്‍ശനത്തിന് ഇടയാക്കിയത്. 'ഞങ്ങള്‍ പൈലറ്റുമാരില്ലാത്ത ഒരു വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരുന്നു. വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്'? ഡേവിഡ് വാര്‍ണര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ വാര്‍ണര്‍ക്ക് മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്ത് എത്തി.'പ്രിയപ്പെട്ട വാര്‍ണര്‍, ബെംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയര്‍ലൈനുകളിലും യാത്രാ തടസ്സങ്ങള്‍ക്കും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാല്‍ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ പുറപ്പെടാന്‍ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു', എയര്‍ ഇന്ത്യ എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഇതാദ്യമല്ല എയര്‍ ഇന്ത്യക്കെതിരെ പരാതി നല്‍കുന്നത്. അടുത്തിടെ ഇന്ത്യന്‍-കനേഡിയന്‍ നടി ലിസ റേയും എയര്‍ ഇന്ത്യക്കെതിരെ രംഗത്ത് വന്നിരുന്നു. താന്‍ റദ്ദ് ചെയ്ത ടിക്കറ്റിന് മെഡിക്കല്‍ ഇളവ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം, എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ മണിക്കൂറുകളോളം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാവശ്യപ്പെട്ട് എന്‍.സി.പി (എസ്.പി) വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി രംഗത്തെത്തിയിരുന്നു. ഉപഭോക്താക്കളില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കിയിട്ടും കൃത്യസമയത്ത് സര്‍വിസ് നടത്താനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എം.പി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് സുപ്രിയ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനം ഒന്നര മണിക്കൂറോളം വൈകിയാണ് മുംബൈയിലെത്തിയത്. എയര്‍ ഇന്ത്യ ?വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാണെന്ന് എം.പി പറഞ്ഞു. പ്രീമിയം നിരക്കാണ്? യാത്രക്കാരില്‍നിന്നും ഈടാക്കുന്നത്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഒക്കെ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയുടെ ഈ പ്രവൃത്തികൊണ്ട് അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രിയ സുലെ കുറിച്ചു. വ്യോമയാന മന്ത്രിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്‌സിലെ പോസ്റ്റ്. ഇതിനിടെ, തങ്ങളുടേതല്ലാത്ത കാരണംമൂലമാണ് വിമാനം വൈകിയതെന്ന വിശദീകരണവുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി.