ചെന്നൈ: ഐപിഎല്ലിൽ ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന ആവേശപ്പോരാട്ടത്തിനിടെ നാടകീയ രംഗങ്ങളും വിവാദവും. ഡൽഹിയുടെ റൺ ചേസിങ്ങിനിടെ അവസാന ഓവറുകളിലാണ് ഡൽഹി ക്യാപിറ്റൽസ് ക്യാമ്പും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഡൽഹി പരിശീലകൻ ഹേമാംഗ് ബദാനി, ബാറ്റർമാരായ നിതീഷ് റാണ, കരുൺ നായർ എന്നിവർ ഒഫീഷ്യലുകളുമായി തർക്കിക്കുന്ന ദൃശ്യങ്ങൾ ടിവി ക്യാമറകൾ പുറത്തുവിട്ടു. ഡൽഹി താരം ട്രിസ്റ്റൻ സ്റ്റബ്സിന് ബാറ്റിംഗ് ഗ്ലൗസ് മാറ്റാൻ അനുമതി നൽകാത്തതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ സിഎസ്കെ താരം ഫാഫ് ഡു പ്ലെസി വെളിപ്പെടുത്തി.

മത്സരത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി ഈ സംഭവം മാറി. 10 പന്തിൽ 29 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെയാണ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാൻ അനുമതി ചോദിച്ചത്. എന്നാൽ നാലാം അമ്പയർ ഈ ആവശ്യം നിരസിച്ചു. തൊട്ടുപിന്നാലെ നടന്ന തർക്കങ്ങൾക്ക് ശേഷം അടുത്ത പന്തിൽ തന്നെ സ്റ്റബ്സ് പുറത്തായി. 183-ൽ എട്ടാം വിക്കറ്റും വീണതോടെ ഡൽഹിയുടെ പരാജയം ഉറപ്പായി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.

38 പന്തിൽ 60 റൺസുമായി പൊരുതിയ സ്റ്റബ്സിന്റെ ഇന്നിംഗ്‌സ് ഡൽഹിയുടെ തോൽവി വൈകിപ്പിച്ചു. ചെന്നൈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയപ്പോൾ, ഡൽഹിക്ക് ഇത് തുടർച്ചയായ രണ്ടാം തോൽവിയായി. 213 റൺസ് പിന്തുടർന്ന ഡൽഹി ഗംഭീര തുടക്കമാണ് കുറിച്ചത്. ഓപ്പണർമാരായ കെ.എൽ. രാഹുലും പതും നിസങ്കയും ചേർന്ന് വെറും അഞ്ച് ഓവറിൽ 61 റൺസ് അടിച്ചെടുത്തു.

എന്നാൽ നിസങ്കയുടെ (41) പുറത്താകൽ ഡൽഹിയുടെ വേഗത കുറച്ചു. അൻഷുൽ കംബോജിന്റെ പന്തിൽ ഖലീൽ അഹമ്മദ് നിസങ്കയുടെ ക്യാച്ച് വിട്ടുകളഞ്ഞെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ താരം പുറത്തായി. സർക്കിളിന് അരികിൽ ഡെവാൾഡ് ബ്രെവിസിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. 5.2 ഓവറിൽ 61-ന് രണ്ട് എന്ന നിലയിൽ ഡൽഹി ശക്തമായ നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് ചെന്നൈ ബൗളർമാർ തന്ത്രം മാറ്റി. പേസർമാരായ ഓവർട്ടൺ, ഖലീൽ അഹമ്മദ്, കംബോജ് എന്നിവർ എക്സ്ട്രാ ബൗൺസ് കണ്ടെത്തിയതോടെ ഷോട്ടുകൾ കളിക്കാൻ ഇടമില്ലാതെ ഡൽഹി ബാറ്റർമാർ വട്ടംകറങ്ങി. സ്പേസ് നൽകാതെയുള്ള ചെന്നൈയുടെ ഈ ആക്രമണത്തിന് മുന്നിൽ ഡൽഹിക്ക് പിന്നീട് മറുപടിയുണ്ടായില്ല.