- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബാഷ് ലീഗിൽ പുതിയ നിയമങ്ങൾ; അടുത്ത സീസൺ മുതൽ 'ഡെസിഗ്നേറ്റഡ് ബാറ്റർ', 'ഡെസിഗ്നേറ്റഡ് ഫീൽഡർ' സംവിധാനം; ഐപിഎല്ലിലെ ഇമ്പാക്ട് പ്ലേയർ നിയമത്തിൽ നിന്നും വ്യത്യസ്തം

മെൽബൺ: ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) അടുത്ത സീസൺ മുതൽ പുതിയ നിയമങ്ങൾ പരിഗണയിൽ. ടീമുകൾക്ക് 'ഡെസിഗ്നേറ്റഡ് ബാറ്റർ', 'ഡെസിഗ്നേറ്റഡ് ഫീൽഡർ' എന്നിങ്ങനെ പ്രത്യേക റോളുകളുള്ള കളിക്കാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ അനുമതി നൽകുന്നതാണ് ഈ പരിഷ്കാരം. ടീം ബാലൻസ് ഉറപ്പാക്കുക, കളിക്കാരുടെ ജോലിഭാരം കുറച്ച് പരിക്കേൽക്കാനുള്ള സാധ്യത ലഘൂകരിക്കുക എന്നിവയാണ് ഈ മാറ്റങ്ങളിലൂടെ ലീഗ് ലക്ഷ്യമിടുന്നത്.
ഓരോ മത്സരത്തിനും മുമ്പ് ടോസിന് മുൻപായി, ഒരു ഡെസിഗ്നേറ്റഡ് ബാറ്ററെയും ഒരു ഡെസിഗ്നേറ്റഡ് ഫീൽഡറെയും ടീമുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ സാധിക്കും. ഡെസിഗ്നേറ്റഡ് ബാറ്ററായി കളിക്കുന്ന താരത്തിന് ബാറ്റിംഗിൽ മാത്രമായിരിക്കും പങ്കാളിയാകാൻ കഴിയുക; ഇദ്ദേഹത്തിന് ഫീൽഡ് ചെയ്യാനോ ബൗൾ ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. സമാനമായി, ഡെസിഗ്നേറ്റഡ് ഫീൽഡർക്ക് ഫീൽഡ് ചെയ്യാനും വിക്കറ്റ് കീപ്പറായി പ്രവർത്തിക്കാനും സാധിക്കുമെങ്കിലും, ബൗൾ ചെയ്യാൻ അനുമതിയുണ്ടായിരിക്കില്ല. ഈ നിയമം ഉപയോഗിക്കണമെന്നത് നിർബന്ധമല്ല, ടീമുകൾക്ക് സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാം.
ബാറ്റിംഗ് തകർച്ച നേരിടുന്ന ഘട്ടങ്ങളിൽ ബാറ്റിംഗ് കരുത്ത് കൂട്ടുന്നതിനും, മികച്ച വിക്കറ്റ് കീപ്പർമാരെയും ഫീൽഡർമാരെയും സ്ഥിരമായി ഗ്രൗണ്ടിൽ നിലനിർത്തുന്നതിനും ഈ സംവിധാനം സഹായകമാകും. കൂടാതെ, പ്രധാന ബാറ്റ്‌സ്മാൻമാർക്ക് ഫീൽഡിംഗിനിടെ ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകൾ ഒഴിവാക്കാനും ഇത് വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്ട് സബ് നിയമത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്. ഐപിഎല്ലിൽ ഇംപാക്ട് സബ്ബായി എത്തുന്ന കളിക്കാരന് ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും കഴിയുമ്പോൾ, ബിബിഎല്ലിലെ ഡെസിഗ്നേറ്റഡ് കളിക്കാർക്ക് അവർക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട റോളിൽ മാത്രമായിരിക്കും പ്രവർത്തിക്കാൻ സാധിക്കുക.


