അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് കർണാടകയുടെ ഓപ്പണർ ദേവ്ദത്ത് പടിക്കൽ. മൂന്ന് വ്യത്യസ്ത സീസണുകളിൽ 600-ൽ അധികം റൺസ് നേടുന്ന ആദ്യ ബാറ്ററായി പടിക്കൽ മാറി. രാജസ്ഥാനെതിരായ എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ നടന്ന പ്രകടനത്തിലൂടെയാണ് പടിക്കൽ ഈ അപൂർവ നേട്ടം കൈവരിച്ചത്. മത്സരത്തിൽ കർണാടക 150 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി.

വിജയ് ഹസാരെ ട്രോഫിയിൽ പടിക്കൽ തന്റെ സ്ഥിരതയാർന്ന പ്രകടനം ഈ സീസണിലും തുടരുകയാണ്. 2019-20 സീസണിലാണ് പടിക്കൽ ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് 11 മത്സരങ്ങളിൽ നിന്ന് 609 റൺസുമായി ടോപ് സ്കോറർ പട്ടികയിൽ മുന്നിലെത്തി. 2020-21 സീസണിൽ പടിക്കൽ തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 147.40 ശരാശരിയിൽ നാല് സെഞ്ചുറികളടക്കം 737 റൺസാണ് അന്ന് അടിച്ചുകൂട്ടിയത്. ആ സീസണിൽ കർണാടക സെമിഫൈനലിൽ പ്രവേശിച്ചിരുന്നു.

2025-26 സീസണിലും പടിക്കൽ റൺവേട്ടയിൽ മുന്നിലാണ്. 147, 124, 113, 108 എന്നിങ്ങനെ ഈ സീസണിൽ നാല് സെഞ്ചുറികൾ ഇതിനോടകം നേടിയിട്ടുണ്ട്. തുടർച്ചയായി ഏഴ് തവണ 50-ൽ അധികം റൺസ് നേടിയിട്ടുള്ള താരമാണ് പടിക്കൽ. രാജസ്ഥാനെതിരായ മത്സരത്തിൽ നായകൻ മായങ്ക് അഗർവാളുമൊത്ത് 184 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി ടീമിന് മികച്ച തുടക്കം നൽകുന്നതിൽ പടിക്കൽ നിർണായക പങ്കുവഹിച്ചു.

82 പന്തിൽ 12 ഫോറുകളും 2 സിക്സറുകളും സഹിതം 91 റൺസാണ് പടിക്കൽ നേടിയത്. രാജസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ദേവ്ദത്ത് പടിക്കൽ 2026-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയാണ് കളിക്കുക.