- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്‌നസ് ലെവല്‍ കണക്കിലെടുക്കുമ്പോള്‍ ധോണിക്ക് വിശ്രമിക്കാനുള്ള സമയമായി; ഇതിഹാസതാരം വിരമിക്കണമെന്ന് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഹീറോ
ഫിറ്റ്‌നസ് ലെവല്‍ കണക്കിലെടുക്കുമ്പോള്‍ ധോണിക്ക് വിശ്രമിക്കാനുള്ള സമയമായി
ചെന്നൈ: എം എസ് ധോണിക്ക് ഐപിഎല്ലില്‍ നിന്നും വിരമിക്കാന്‍ സമയമായെന്നാണ് പൊതുവേ എല്ലാവരും ചൂണ്ടിക്കാട്ടുന്ന കാര്യം. അടുത്ത സീസണില്‍ ധോണി ഉണ്ടായേക്കില്ലെന്ന സൂചനകളുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യത്തില്‍ ധോണിയാണ് എല്ലാം തീരുമാനിക്കുക എന്നതു കൊണ്ട് തന്നെ മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
സീസണില്‍ മോശം ഫോമിലുള്ള ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ടീം കളിക്കാനെത്തിയത്. എന്നാല്‍, നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ പരിക്കും സൂപ്പര്‍ താരങ്ങളുടെ മോശം ഫോമും ഫിനിഷിങ്ങിലെ അഭാവവുമാണ് ടീമിന് തിരിച്ചടിയായത്. ധോണിയും നിരാശപ്പെടുത്തി.
പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരന്നു ധോണി. കാല്‍മുട്ടിലെ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും താരത്തെ അലട്ടുന്നുണ്ട്. നിര്‍ണായക മത്സരങ്ങളിലും ബാറ്റിങ് ഓര്‍ഡറില്‍ അവസാനമാണ് താരം കളിക്കാനിറങ്ങിയത്. ഇതിനിടയിലും താരം ഐ.പി.എല്‍ 2026 സീസണിലും കളിക്കുമെന്ന അഭ്യൂഹവും പുറത്തുവരുന്നുണ്ട്. എന്നാല്‍, മുന്‍താരങ്ങള്‍ ഉള്‍പ്പെടെ ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'ഐ.പി.എല്‍ സീസണ്‍ അവസാനിക്കുന്നതോടെ എന്റെ ശരീരത്തിന് ഈ സമ്മര്‍ദം താങ്ങാന്‍ കഴിയുമോ എന്ന് നോക്കുന്നതിന് അടുത്ത എട്ടുമാസം കഠിനമായി ശ്രമിക്കും, ഇപ്പോള്‍ ഒന്നും പറയാനാകില്ല' -ധോണി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍, ധോണിക്ക് വിശ്രമിക്കാനുള്ള സമയമായെന്നാണ് 2007 ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഹീറോ ജോഗീന്ദര്‍ ശര്‍മയുടെ വാദം. 'മഹിയുടെ (ധോണി) ഫിറ്റ്‌നസ് ലെവല്‍ കണക്കിലെടുക്കുമ്പോള്‍ വിശ്രമിക്കാനുള്ള സമയമായി' -ജോഗീന്ദര്‍ വാര്‍ത്ത ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു. ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ധോണിയാണ് ടീമിനെ നയിക്കുന്നത്.
സീസണില്‍ 12 മത്സരങ്ങളില്‍നിന്ന് ഇതുവരെ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഒരുപോലെ പരാജയപ്പെടുന്നതാണ് കണ്ടത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോയായത് ജോഗീന്ദര്‍ ശര്‍മയാണ്. മിസ്ബാഹുല്‍ ഹഖും മുഹമ്മദ് ആസിഫും ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ജോഗീന്ദറായിരുന്നു മിസ്ബാഹിനെ മലയാളി താരം എസ്. ശ്രീശാന്തിന്റെ കൈകളില്‍ എത്തിച്ച് ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ വിജയവും കിരീടവും സമ്മാനിച്ചത്.