- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂർണമെന്റിലെ ഫേവറൈറ്റുകൾ ഇന്ത്യ തന്നെ; സമ്മർദ്ദങ്ങളിൽ കളിച്ച് അനുഭവസമ്പത്തുള്ളവർ; ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തർ; എന്നാൽ ശരിക്കുള്ള വെല്ലുവിളി അതാണെന്ന് ധോണി

ഡൽഹി: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഏറ്റവും മികച്ചതും എതിരാളികൾക്ക് വലിയ ഭീഷണിയുയർത്തുന്നതുമാണെന്ന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. എന്നിരുന്നാലും, മഞ്ഞുവീഴ്ച (ഡ്യൂ ഫാക്ടർ) ഒരു പ്രധാന വെല്ലുവിളിയായി മാറുമെന്നും ടോസ് മത്സരഫലത്തിൽ നിർണായകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധോണി തന്റെ നിലപാട് വ്യക്തമാക്കിയത്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ധോണി വിലയിരുത്തി. "ഈ ടൂർണമെന്റിൽ എതിരാളികൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ ടീമിന് കഴിവുണ്ട്," അദ്ദേഹം പറഞ്ഞു. 2024-ലെ ലോകകപ്പിന് ശേഷം ഇതുവരെ ഇന്ത്യ ഒരു ടി20 പരമ്പരയിലും തോറ്റിട്ടില്ലെന്നും, 41 മത്സരങ്ങളിൽ 31 എണ്ണത്തിലും വിജയിച്ച ഇത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നും ധോണി ചൂണ്ടിക്കാട്ടി. സമ്മർദ്ദങ്ങൾക്കിടെ മത്സരം കളിച്ചുള്ള ടീമിന്റെ അനുഭവസമ്പത്തും വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കളിക്കളത്തിലെ നേർത്ത ഈർപ്പമായ മഞ്ഞുവീഴ്ച വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ധോണി പങ്കുവെച്ചു. "അതുകൊണ്ട് ടോസ് നേടുക എന്നതാകും ടീം നേരിടുന്ന വെല്ലുവിളി," അദ്ദേഹം വ്യക്തമാക്കി. "മഞ്ഞ് വീണാൽ കളി മാറും, കളി തോറ്റാൽ ഭാഗ്യത്തെ പഴിച്ചിട്ട് കാര്യമില്ല!" മഞ്ഞു വീഴ്ചയെപ്പേടിച്ച് ധോണി; ടി20 ക്രിക്കറ്റിലെ 'ലോട്ടറി' കളികളെക്കുറിച്ച് തുറന്നുപറഞ്ഞ് തല; ടോസ് ഭാഗ്യം തുണച്ചില്ലെങ്കിൽ പണി പാളുമെന്ന് മുൻ നായകൻ!
ക്രിക്കറ്റിലെ മഞ്ഞു വീഴ്ച വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ധോണി പറയുന്നത് ഇങ്ങനെ: "മഞ്ഞ് വീഴുമ്പോൾ പല കാര്യങ്ങളും മാറിമറിയും. ഞാൻ കളിച്ചിരുന്ന കാലത്ത് പോലും എന്നെ ഏറ്റവും ഭയപ്പെടുത്തിയിരുന്ന ഒന്നാണത്. കാരണം അങ്ങനെയുള്ള സാഹചര്യങ്ങളിൽ 'ടോസ്' എന്നത് അത്രമേൽ നിർണ്ണായകമാണ്. നിഷ്പക്ഷമായ സാഹചര്യങ്ങളിൽ മികച്ച ടീമുകൾക്കെതിരെ പത്ത് മത്സരങ്ങൾ കളിച്ചാൽ അതിൽ ഭൂരിഭാഗവും ജയിക്കാൻ ഞങ്ങൾക്ക് സാധിക്കും."
ടി20 ഫോർമാറ്റിലെ പ്രവചനാതീതമായ സ്വഭാവത്തെക്കുറിച്ചും ധോണി ഓർമ്മിപ്പിച്ചു. ഒരു മോശം ദിവസമോ അല്ലെങ്കിൽ എതിരാളിയുടെ ഒരു അസാമാന്യ പ്രകടനമോ മതി കളി കൈവിട്ടു പോകാൻ. "നമ്മുടെ ടീമിലെ ചില കളിക്കാർക്ക് ഒരു മോശം ദിവസമാവുകയും അതേസമയം എതിർ ടീമിലെ ആരെങ്കിലും ഒരാൾ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്താൽ അവിടെയാണ് പ്രശ്നം. അതാണ് ടി20 ക്രിക്കറ്റ്. ഇത് ലീഗ് ഘട്ടത്തിലോ നോക്കൗട്ട് മത്സരങ്ങളിലോ സംഭവിക്കാം. കാര്യങ്ങൾ നമ്മുടെ വഴിക്ക് വരണമെന്ന് ആഗ്രഹിക്കാനേ അപ്പോൾ കഴിയൂ. പരിക്കുകൾ ഇല്ലാതിരിക്കാനും എല്ലാവരും അവർക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാനും പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂ," ധോണി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ എം എസ് ധോണി, 2007-ലെ പ്രഥമ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ്, 2013-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവ ഇന്ത്യയ്ക്ക് നേടിക്കൊടുത്ത നായകനാണ്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 ട്രോഫികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.


