ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും സഹതാരമായിരുന്ന സുരേഷ് റെയ്‌നയും അപ്രതീക്ഷിതമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2020ലാ ഓഗസ്റ്റ് 15നായിരുന്നു ഇരുവരുടെയും വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യൻ ടീമിനേയും ഐപിഎൽ ഫ്രാൻഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങിസിനായും വർഷങ്ങളോളം ഇരു താരങ്ങളും ഒരുമിച്ച് കളിച്ചിരുന്നു.

ട്വന്റി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഏക ക്യാപ്റ്റൻ എന്ന റെക്കോർഡുള്ള ധോണി, ഇൻസ്റ്റാഗ്രാം വഴിയാണ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 'നിങ്ങളുടെയെല്ലാം സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. 19:29 മുതൽ എന്നെ വിരമിച്ചതായി കണക്കാക്കാം' എന്ന ലളിതമായ വാക്കുകളിലൂടെയാണ് അദ്ദേഹം വിരമിക്കൽ അറിയിച്ചത്. തന്റെ കരിയറിലെ പ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയ്ക്കൊപ്പമായിരുന്നു ഈ പ്രഖ്യാപനം.

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന് മുൻപേ, അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന സുരേഷ് റെയ്‌നയും ഇതേ ദിവസം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 'നിങ്ങളോടൊപ്പം കളിച്ചത് ഭാഗ്യമായി കരുതുന്നു. എൻ്റെ ഹൃദയം നിറഞ്ഞ അഭിമാനത്തോടെ, ഈ യാത്രയിൽ നിങ്ങളോടൊപ്പം ചേരാൻ ഞാൻ തീരുമാനിക്കുന്നു. ഇന്ത്യക്ക് നന്ദി. ജയ് ഹിന്ദ്', എന്ന വാക്കുകളോടെയാണ് റെയ്‌ന തൻ്റെ വിരമിക്കൽ അറിയിച്ചത്.

2022-ൽ സുരേഷ് റെയ്‌ന ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 2021 ഒക്ടോബറിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ഐപിഎല്ലിൽ കളിച്ചതിന് ശേഷം അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം നാല് ഐപിഎൽ കിരീടങ്ങൾ നേടിയ റെയ്‌ന, 226 ഏകദിനങ്ങൾ, 78 ട്വന്റി 20കൾ, 18 ടെസ്റ്റുകൾ എന്നിവയിൽ ഇന്ത്യയ്ക്കായി കുപ്പായമണിഞ്ഞു.