മുംബൈ: ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് വിജയിച്ച ക്യാപ്റ്റന്‍മാരായ എം.എസ്. ധോണിയും രോഹിത് ശര്‍മയും പിന്തുടരുന്നത് വ്യത്യസ്ത ശൈലികളെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. രോഹിത് ശര്‍മ ഓരോ താരങ്ങളുടേയും അടുത്തു പോയി സംസാരിക്കുന്ന ക്യാപ്റ്റനാണെന്നു ഹര്‍ഭജന്‍ ഒരു മാധ്യമത്തിലെ പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. എന്നാല്‍ താരങ്ങള്‍ പിഴവുകള്‍ വരുത്തിയാല്‍ അതില്‍നിന്ന് പാഠം പഠിക്കണമെന്നതാണ് ധോണിയുടെ ശൈലിയെന്നും നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ ധോണി തയാറാകില്ലെന്നും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.

2007ല്‍ എം.എസ്. ധോണിക്കു കീഴിലാണ് ഇന്ത്യ പ്രഥമ ട്വന്റി20 ലോകകപ്പ് വിജയിച്ചത്. ഈ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മ ഇന്ത്യയെ കിരീടത്തിലെത്തിച്ചു. "രോഹിത്തിന്റേയും ധോണിയുടേയും ശൈലി വളരെ വ്യത്യസ്തമാണ്. രോഹിത് ശര്‍മ ഓരോ കളിക്കാരനോടും അങ്ങോട്ടുപോയി സംസാരിക്കുന്ന ക്യാപ്റ്റനാണ്. നിങ്ങളില്‍നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം താരങ്ങളോടു പറയും. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. ടെസ്റ്റ് ക്യാപ്റ്റനായതോടെ രോഹിത് ശര്‍മയില്‍ വലിയ മാറ്റങ്ങള്‍ വന്നു. ടെസ്റ്റ് പോരാട്ടം വിജയിക്കുന്നതില്‍ ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്."

"എന്നാല്‍ ധോണിയുടെ കാര്യം വ്യത്യസ്തമാണ്. ധോണി ഒരു താരത്തിന്റേയും അടുത്തേക്കുപോകില്ല. ഏതു ഫീല്‍ഡ് ആണ് സെറ്റ് ചെയ്യേണ്ടതെന്ന് ബോളറോടു ചോദിക്കും. സ്വയം തെറ്റുകള്‍ വരുത്തിയാല്‍ അതില്‍നിന്ന് കാര്യങ്ങള്‍ പഠിക്കാന്‍ ധോണി അനുവദിക്കും. ഞാന്‍ ഒരു സംഭവം പറയാം. ഐപിഎല്ലില്‍ ഞാന്‍ ധോണിക്കു കീഴില്‍ കളിക്കുന്ന സമയത്ത് ഷാര്‍ദൂല്‍ ഠാക്കൂര്‍ പന്തെറിയുകയായിരുന്നു.ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പോയി."

"അടുത്ത പന്തും അതേ ലെങ്തിലാണ് ഷാര്‍ദൂല്‍ എറിഞ്ഞത്. ഇതോടെ വേറെ പന്ത് പരീക്ഷിക്കാന്‍ നിര്‍ദേശിക്കാന്‍ ഞാന്‍ ധോണിയോടു പറഞ്ഞു. എന്നാല്‍ ധോണി അതിനു തയാറായില്ല. അവന്‍ തെറ്റില്‍നിന്ന് പഠിക്കട്ടെ എന്നാണ് ധോണി അന്ന് എന്നോടു പറഞ്ഞത്. അല്ലെങ്കില്‍ ഷാര്‍ദൂല്‍ അതു മനസ്സിലാക്കില്ലെന്നായിരുന്നു ധോണിയുടെ നിലപാട്." ഹര്‍ഭജന്‍ വ്യക്തമാക്കി.