ക്വീൻസ്‌ലൻഡ്: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ ഉപയോഗിച്ചിരുന്ന 'ബാഗി ഗ്രീൻ' തൊപ്പിക്ക് ലേലത്തിൽ റെക്കോർഡ് തുക. 2.92 കോടി രൂപയ്ക്കാണ് (4.60 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ) തൊപ്പി വിറ്റത്. ലോയ്ഡ്‌സ് ഓക്ഷൻ കമ്പനി കഴിഞ്ഞ ദിവസം നടത്തിയ ലേലത്തിലാണ് ഈ ചരിത്രപ്രധാനമായ വസ്തു ഗോൾഡ് കോസ്റ്റിൽ നിന്നുള്ള ഒരു വ്യക്തി സ്വന്തമാക്കിയത്.

1947-48 വർഷത്തിൽ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ബ്രാഡ്മാൻ ധരിച്ച തൊപ്പിയാണിത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു ഇത്. സ്വന്തം നാട്ടിൽ ബ്രാഡ്മാന്റെ അവസാന പരമ്പരയും കൂടിയായിരുന്നു ആ പരമ്പര. മത്സരശേഷം, ബ്രാഡ്മാൻ ഈ തൊപ്പി ഇന്ത്യയുടെ ഓപ്പണിങ് ബൗളറായിരുന്ന ശ്രീരംഗ വാസുദേവ് സൊഹോനിക്ക് സമ്മാനിക്കുകയായിരുന്നു.

ഏഴു പതിറ്റാണ്ടിലേറെക്കാലം സൊഹോനിയുടെ കുടുംബം സൂക്ഷിച്ചുവെച്ചശേഷമാണ് ഈ തൊപ്പി ഇപ്പോൾ ലേലത്തിനെത്തിയത്. 1928 മുതൽ 1948 വരെ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച ഡോൺ ബ്രാഡ്മാൻ, ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 99.94 എന്ന അവിശ്വസനീയമായ ബാറ്റിങ് ശരാശരി അദ്ദേഹത്തിന്റെ പേരിലുണ്ട്.