ബെംഗളൂരു: ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ഡിയ്ക്കു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി മയാങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ എ ടീം. ഓപ്പണര്‍ പ്രതാം സിങ്, യുവതാരം തിലക് വര്‍മ എന്നിവര്‍ സെഞ്ചറിയുമായി തിളങ്ങിയതോടെ, ഇന്ത്യ എ രണ്ടാം ഇന്നിങ്‌സില്‍ 98 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഒന്നാം ഇന്നിങ്‌സിലെ 107 റണ്‍സ് ലീഡ് കൂടി ചേര്‍ത്ത് ഇന്ത്യ ഡിയ്ക്കു മുന്നില്‍ 488 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നേരത്തെ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 290 റണ്‍സിനെതിരെ ഇന്ത്യ ഡി 183 റണ്‍സിന് പുറത്താവുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഡി 13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ യഷ് ദുബെ 42 പന്തില്‍ ഒന്‍പതു റണ്‍സോടെയും, റിക്കി ഭുടി 34 പന്തില്‍ 32 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇവര്‍ ഇതുവരെ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓപ്പണര്‍ അതര്‍വ തായ്‌ഡെ അക്കൗണ്ട് തുറക്കും മുന്‍പേ ഖലീല്‍ അഹമ്മദിനു വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ഒരു ദിവസത്തെ കളി പൂര്‍ണമായും ബാക്കിനില്‍ക്കെ ഇന്ത്യ ഡിയ്ക്ക് വിജയത്തിലേക്ക് 444 റണ്‍സ് കൂടി വേണം.

ഓപ്പണര്‍ പ്രതാം സിങ്, തിലക് വര്‍മ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എയ്ക്ക് കരുത്തായത്. പ്രതാം സിങ് 189 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 122 റണ്‍സെടുത്തു. വ്യക്തിഗത സ്‌കോര്‍ 88ല്‍ നില്‍ക്കെ, 6, 4, 4 എന്നിങ്ങനെ നേടിയാണ് പ്രതാം സിങ് സെഞ്ചറിയിലെത്തിയത്. വണ്‍ഡൗണായി ക്രീസിലെത്തിയ തിലക് വര്‍മ 193 പന്തില്‍ ഒന്‍പതു ഫോറുകളോടെ 111 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മയാങ്ക് അഗര്‍വാള്‍, ശാശ്വത് സിങ് എന്നിവര്‍ അര്‍ധസെഞ്ചറി നേടി.

ഇന്ത്യ എയുടെ ഇന്നിങ്‌സില്‍ ആകെ മൂന്നു സെഞ്ചറി കൂട്ടുകെട്ടുകളാണ് പിറന്നത്. ഓപ്പണിങ് വിക്കറ്റില്‍ പ്രതാം സിങ് അഗര്‍വാള്‍ സഖ്യം 169 പന്തില്‍ അടിച്ചുകൂട്ടിയത് 115 റണ്‍സ്. രണ്ടാം വിക്കറ്റില്‍ തിലക് വര്‍മ പ്രതാം സിങ് സഖ്യം 190 പന്തില്‍ 104 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ റിയാന്‍ പരാഗ് തിലക് വര്‍മ സക്യം 55 പന്തില്‍ 45 റണ്‍സെടുത്തു. പിരിയാത്ത നാലാം വിക്കറ്റില്‍ തിലക് വര്‍മ ശാശ്വത് സിങ് സഖ്യം 174 പന്തില്‍ അടിച്ചുകൂട്ടിയത് 116 റണ്‍സ്.

മയാങ്ക് 87 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 56 റണ്‍സെടുത്ത് പുറത്തായി. ശാശ്വത് സിങ് 88 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നു. റിയാന്‍ പരാഗാണ് ഇന്ത്യ എ നിരയില്‍ പുറത്തായ മറ്റൊരു താരം. പരാഗ് 31 പന്തില്‍ രണ്ടു സിക്‌സുകള്‍ സഹിതം 20 റണ്‍സെടുത്തു. ഇന്ത്യ ഡിയ്ക്കായി സൗരഭ് കുമാര്‍ 26 ഓവറില്‍ 110 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ശ്രേയസ് അയ്യര്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എ 290 റണ്‍സെടുത്തപ്പോള്‍, ഇന്ത്യ ഡി 183 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ ഡി നായകന്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിനു പുറത്തായപ്പോള്‍, ഫോറടിച്ച് മികച്ച തുടക്കമിട്ട സഞ്ജു സാംസണ്‍ അഞ്ച് റണ്‍സുമായി മടങ്ങി.