കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഏകദിന പരമ്പര ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. മാത്രമല്ല ഒരു തിരിച്ചടിയുടെ റെക്കോര്‍ഡുമാണ് ഇംഗ്ലണ്ടിനെ തേടിയെത്തിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300+ റണ്‍സ് നേടിയിട്ടും പരാജയപ്പെടുന്ന ടീമായാണ് ഇംഗ്ലണ്ട് മാറിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 28 മത്സരങ്ങളാണ് ഇംഗ്ലണ്ട് 300+ റണ്‍സ് നേടിയിട്ടും പരാജയപ്പെട്ടത്. 27 മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. 23 തോല്‍വിയുമായി വെസ്റ്റ് ഇന്‍ഡീസും 19 തോല്‍വിയുമായി ശ്രീലങ്കയും ആണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.

അതേസമയം രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 90 പന്തില്‍ 119 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 12 ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. ശുഭ്മന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയും വിജയത്തില്‍ നിര്‍ണായകമായി. 50 പന്തില്‍ 60 റണ്‍സാണ് ഗില്‍ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. ശ്രേയസ് അയ്യര്‍ 47 പന്തില്‍ 44 റണ്‍സും നേടി. അക്സര്‍ പട്ടേല്‍ 44 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ടിനായി ജോ റൂട്ട്, ബെന്‍ ഡക്കറ്റ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 72 പന്തില്‍ 69 റണ്‍സാണ് റൂട്ട് നേടിയത്. ആറ് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബെന്‍ ഡക്കറ്റ് 56 പന്തില്‍ 65 റണ്‍സും നേടി. 10 ഫോറുകളാണ് താരം നേടിയത്. ലിയാം ലിവിങ്സ്റ്റണ്‍ 32 പന്തില്‍ 41 റണ്‍സും ബട്‌ലര്‍ 35 പന്തില്‍ 34 റണ്‍സും നേടി.

ഇന്ത്യന്‍ ബൗളിങ്ങില്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിദ് റാണ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഫെബ്രുവരി 12നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അഹമ്മദാബാദിലാണ് മത്സരം നടക്കുക.