ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപ് പേസ് ബൗളർ ഹർഷിദ് റാണയ്ക്ക് പരിക്കേറ്റത് ഇന്ത്യൻ ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പരിക്കിനെ തുടർന്ന് ഹർഷിദ് റാണയെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതായും, പരിചയസമ്പന്നനായ പേസ് ബൗളർ മുഹമ്മദ് സിറാജിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഹർഷിദിന് പരിക്കേറ്റത്.

ഈ മത്സരത്തിൽ താരത്തിന് ഒരു ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ബൗൾ ചെയ്യാനുള്ള റണ്ണപ്പിനിടെ മുട്ടുവേദന പലതവണ വില്ലനായി മാറിയിരുന്നു. പ്രതീക്ഷിച്ചതിലും ഗുരുതരമായ പരിക്കായതിനാൽ വെള്ളിയാഴ്ച മെഡിക്കൽ സംഘം അദ്ദേഹത്തെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. ഹർഷിദിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്റ് പകരക്കാരനെ തേടുന്നത്. മുഹമ്മദ് സിറാജ് മുംബൈയിലേക്ക് തിരിച്ചതായും, ശനിയാഴ്ച അമേരിക്കക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നിരുന്നാലും, ഹർഷിദ് റാണയെ ഒഴിവാക്കിയതായോ പകരക്കാരൻ ആരെന്നോ ടീം മാനേജ്‌മെന്റോ ക്യാപ്റ്റൻ സൂര്യകുമാർ യാദവോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. "ഹർഷിദിനെ നിലവിൽ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും, കൂടുതൽ പരിശോധനകൾക്കു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ" എന്നും പ്രീ-മാച്ച് വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അറിയിച്ചു.

ലോകകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നേരത്തെ പൂർത്തിയായിരുന്നെങ്കിലും, പരിക്കുകൾ ടീമിന് തുടർച്ചയായി തലവേദന സൃഷ്ടിക്കുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന വാഷിങ്ടൺ സുന്ദറിന് പരിക്കിനെ തുടർന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു. പരിക്കിനെ അതിജീവിച്ച് തിലക് വർമ സന്നാഹ മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഹർഷിദിന്റെ പരിക്കും ടീമിന് ആശങ്കയാകുന്നത്.