മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ഏഷ്യൻ പെയിന്റ്‌സിനെ ഔദ്യോഗിക 'കളർ പാർട്ണർ' ആയി പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ആരാധകരുടെ ട്രോൾ. ദക്ഷണാഫ്രിക്കയുമായുള്ള പരമ്പര നഷ്ടമായതിന് പിന്നാലെ നടന്ന ബി.സി.സി.ഐയുടെ പ്രഖ്യാപനത്തെ ട്രോളുകളിലൂടെയും പരിഹാസ കമന്റുകളിലൂടെയുമാണ് ക്രിക്കറ്റ് പ്രേമികൾ നേരിട്ടത്.

ഒരു നിർണ്ണായക ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ പരാജയപ്പെട്ട് 'വൈറ്റ്‌വാഷ്' ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബി.സി.സി.ഐയുടെ ഈ കളർ പാർട്ണർഷിപ്പ് പ്രഖ്യാപനം വന്നത്. ത് ആരാധകരെ ചൊടിപ്പിച്ചു. "വൈറ്റ് വാഷിനു ശേഷം, പെയിന്റടിക്കുന്നത് നല്ലതാണ്," എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇത് ഏറ്റെടുത്തുകൊണ്ട് മറ്റ് നിരവധി പേർ രംഗത്തെത്തി. "ഇപ്പോൾ എന്തിനാണ് ഇന്ത്യൻ ടീം വൈറ്റ് വാഷ് ചെയ്യപ്പെട്ടതെന്ന് മനസ്സിലായി. കളർ പാർട്ണറെ പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമാണിത്!" എന്നും പരിഹാസമുയർന്നു.

മറ്റൊരു കമന്റിൽ, തോൽവിയുടെ നാണക്കേട് മറയ്ക്കാൻ ഉടൻ തന്നെ ആവശ്യമായ വസ്തുക്കൾ എത്തിക്കണമെന്ന ആവശ്യവും ഉയർന്നു: "വൈറ്റ് വാഷിന് ശേഷം രണ്ട് ബക്കറ്റ് പുട്ടിയും അത്യാവശ്യം പെയിന്റും ഇപ്പോൾത്തന്നെ ഗുവാഹതിയിലെത്തിക്കണം." കളിക്കളത്തിലെ നിറം മങ്ങിപ്പോയതിന് പിന്നാലെ, ടീമിന് ഔദ്യോഗികമായി നിറം നൽകാൻ ഒരു കമ്പനിയുമായി സഹകരിക്കുന്നത് തീർത്തും അപ്രസക്തമായ നടപടിയായി ആരാധകർ വിലയിരുത്തി.

ഏഷ്യൻ പെയിന്റ്‌സുമായി മൂന്ന് വർഷത്തേക്കാണ് ബി.സി.സി.ഐ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പുരുഷ, വനിതാ, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെല്ലാം ഈ സഹകരണം ഉണ്ടാകും. സ്റ്റേഡിയത്തിലെ ഓൺ-ഗ്രൗണ്ട് എന്‍ഗേജ്‌മെന്റുകളും, ഏറ്റവും മികച്ച കളർഫുൾ ആരാധകരെ പ്രദർശിപ്പിക്കുന്ന 'ഏഷ്യൻ പെയിന്റ്‌സ് കളർ കാം' പോലുള്ള ഡിജിറ്റൽ പരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും.

ഈ പങ്കാളിത്തത്തെക്കുറിച്ച് ഏഷ്യൻ പെയിന്റ്‌സ് മാനേജിംഗ് ഡയറക്ടർ സംസാരിക്കുമ്പോൾ, ക്രിക്കറ്റ് രാജ്യത്തെ ഓരോ വീട്ടിലെയും വികാരവുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും 'ഹർ ഘർ' എന്ന ബ്രാൻഡ് തത്വശാസ്ത്രത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു. "ക്രിക്കറ്റ് ഒരു ബില്യൺ ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു, നിറങ്ങളുടെ ലോകം ഇന്ത്യ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന കളിയുടെ ഹൃദയത്തിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.