ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ തഴഞ്ഞത് അനീതിയാണെന്നും, ടീമിൽ ആദ്യ അവസരം ലഭിക്കേണ്ടിയിരുന്ന താരം അവനാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങൾ പറഞ്ഞ് താരത്തെ ഒഴിവാക്കുന്നതിലെ വൈരുദ്ധ്യങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'വീണ്ടും അനീതിയാണ് നടന്നിരിക്കുന്നത്. അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയ താരമായിരുന്നിട്ടും സഞ്ജു ടീമിൽ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ ഓരോ ദിവസവും കാരണങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം അഞ്ചാം നമ്പറിലും, അടുത്ത ദിവസം ഓപ്പണറായും, പിന്നെ ഏഴാമതോ എട്ടാമതോ സ്ഥാനങ്ങളിലും കളിക്കാനായി നിയോഗിക്കുന്നു. ധ്രുവ് ജുറേൽ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയതെന്നും ശ്രീകാന്ത് ചോദിച്ചു. ടീമിലെ 11 പേരിൽ സഞ്ജു ഉണ്ടാകാം, ഇല്ലായിരിക്കാം. പക്ഷെ, ആദ്യ പരിഗണന അവനു നൽകണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

ബാറ്റിംഗ് സ്ഥാനങ്ങളിലെ അവ്യക്തതയാണ് സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണമായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞിരുന്നു. സഞ്ജു മുൻനിരയിൽ ബാറ്റ് ചെയ്യുന്നതിനാലാണ് ധ്രുവ് ജുറേലിന് അവസരം നൽകുന്നതെന്നാണ് അഗാർക്കർ വ്യക്തമാക്കിയത്. സാധാരണയായി താഴ്ന്ന ഓർഡറിലാണ് ജുറേൽ കളിക്കുന്നതെങ്കിലും, ഏകദിന ക്രിക്കറ്റിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

എന്നാൽ, ഏഷ്യാ കപ്പിൽ മധ്യനിരയിൽ കളിച്ചാണ് സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചത്. മൂന്നാം നമ്പറിലും എട്ടാം നമ്പറിലുമടക്കം പല പൊസിഷനുകളിലും മാറി മാറി കളിക്കേണ്ടി വന്നിട്ടും താരം മികവ് പുലർത്തി. 16 ഏകദിനങ്ങളിൽ നിന്ന് 56.66 ശരാശരിയുള്ള സഞ്ജു, കൂടുതലും കളിച്ചത് താഴ്ന്ന ഓർഡറിലാണ്. നാല് മുതൽ ആറ് വരെയുള്ള സ്ഥാനങ്ങളിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 57.83 ശരാശരിയിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ നേടിയിട്ടുണ്ട്.