മുംബൈ: ടി20 ലോകകപ്പ് ടീമിൽ നിന്നും ഇന്ത്യൻ ടി20 സ്ക്വാഡിൽ നിന്നും യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ചീഫ് സെലക്ടർ ദിലീപ് വെംഗ്‌സർക്കർ. ജയ്സ്വാളിനെ മാറ്റിനിർത്തുന്നത് നിർഭാഗ്യകരമാണെന്നും, അതിനുമാത്രം എന്ത് തെറ്റാണ് താരം ചെയ്തതെന്നും വെംഗ്‌സർക്കാർ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിലിടമില്ലെങ്കിൽ എന്ത് പ്രയോജനമെന്നും വെംഗ്‌സർക്കാർ ചോദിച്ചു.

ഒരു യുവതാരത്തോട് ടി20 ഫോർമാറ്റിൽ നിങ്ങളെ ആവശ്യമില്ലെന്ന് പറയുന്നത് അയാളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും, ആത്മവിശ്വാസമാണ് ജയ്സ്വാളിന്‍റെ കളിയുടെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുഭ്മാൻ ഗില്ലിന്‍റെ സമീപകാല പ്രകടനങ്ങൾ കണക്കിലെടുത്ത് ലോകകപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നു. എന്നാൽ, ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിൽ ഓപ്പണറായി കഴിവുതെളിയിച്ച ജയ്സ്വാൾ ഫസ്റ്റ് ചോയ്സായി ടീമിലെത്തേണ്ടിയിരുന്നുവെന്നും വെംഗ്‌സർക്കാർ അഭിപ്രായപ്പെട്ടു.

കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടിയ താരമാണ് ജയ്സ്വാൾ. ലോകകപ്പ് ടീമിലെടുക്കുക മാത്രമല്ല, ആദ്യ ഇലവനിൽ അവന് സ്ഥാനം നൽകണമായിരുന്നുവെന്നും ടീമിന് അത്രമാത്രം പ്രധാനമാണ് ജയ്സ്വാൾ നൽകുന്ന മികച്ച തുടക്കങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനായിരുന്നെങ്കിൽ ജയ്സ്വാൾ ടീമിൽ ഉണ്ടാകുമായിരുന്നെന്നും വെംഗ്‌സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ബാക്കപ്പ് ഓപ്പണറായി ജയ്സ്വാൾ ടീമിലുണ്ടായിരുന്നെങ്കിലും, വിരാട് കോലിയും രോഹിത് ശർമ്മയും ഓപ്പണർമാരായി ഇറങ്ങിയതിനാൽ ഒരു മത്സരത്തിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. പിന്നീട് ടി20 ടീമിൽ നിന്ന് പുറത്തായ ജയ്സ്വാൾ 2024 ജൂലൈയിലാണ് അവസാനം ഇന്ത്യക്കായി ടി20 കളിച്ചത്. അഭിഷേക് ശർമ്മ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതും ശുഭ്മാൻ ഗില്ലിനെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുത്തതുമാണ് ജയ്സ്വാളിനെ പുറത്തിരുത്താൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ഗിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ, ഓപ്പണറായി മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജു സാംസണെയാണ് ലോകകപ്പ് ടീമിൽ ഓപ്പണറായി സെലക്ടർമാർ പരിഗണിച്ചത്.