ചെന്നൈ: ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയുടെ നിലവിലെ പ്രകടനം ജസ്പ്രിത് ബുമ്രയേക്കാൾ മികവുള്ള താരമാണെന്നും, എന്നാൽ അർഹിക്കുന്ന അംഗീകാരമോ പ്രശംസയോ ലഭിക്കുന്നില്ലെന്നും മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. 2026 ടി20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടേണ്ട തകർപ്പൻ ഫോമിലുള്ള വരുണിന്റെ പ്രകടനങ്ങൾ അവഗണിക്കപ്പെടുന്നതിൽ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ അതൃപ്തി രേഖപ്പെടുത്തി.

ലോകകപ്പിൽ ഇതുവരെയുള്ള പ്രകടനങ്ങൾ വരുണിന്റെ ആധിപത്യം വ്യക്തമാക്കുന്നതായി ശ്രീകാന്ത് ചൂണ്ടിക്കാട്ടി. നാല് മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്. ഇതിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ 3 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ നേടിയിരുന്നു.

വരുണും ബുമ്രയും ഒരുമിച്ച് കളിച്ച 21 മത്സരങ്ങളിൽ, വരുൺ 30 വിക്കറ്റുകൾ നേടിയപ്പോൾ ബുമ്രയ്ക്ക് 22 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. ബാറ്റർമാർക്ക് വരുണിന്റെ പന്തുകൾ കണക്കുകൂട്ടാൻ സാധിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യമെന്ന് ശ്രീകാന്ത് നിരീക്ഷിച്ചു. "പന്തിന്റെ വേഗതയിലും ലെങ്തിലും വരുൺ വരുത്തുന്ന മാറ്റങ്ങൾ അവിശ്വസനീയമാണ്. അത് ഗൂഗ്ലിയാണോ, സ്ട്രൈറ്റ് ബോളാണോ എന്ന് ആർക്കും മനസ്സിലാകുന്നില്ല. ഓഫ് സ്റ്റമ്പിലും മിഡിൽ സ്റ്റമ്പിലും കൃത്യതയോടെ പന്തെറിയുന്ന അദ്ദേഹം ബാറ്റർമാരെ ആശയക്കുഴപ്പത്തിലാക്കുന്നു," ശ്രീകാന്ത് പറഞ്ഞു.

"ബുമ്ര മികച്ച ബൗളറാണ് എന്നതിൽ തർക്കമില്ല, എന്നാൽ നിലവിൽ വരുൺ ചെയ്യുന്ന കാര്യങ്ങൾ അതിശയിപ്പിക്കുന്നതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ശിവം ദുബെ മികച്ച പ്രകടനം നടത്തിയെങ്കിലും, വരുൺ ചക്രവർത്തിയെ 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരത്തിനായി ആരും പരിഗണിക്കാത്തതിൽ ശ്രീകാന്ത് അതൃപ്തി പ്രകടിപ്പിച്ചു. മുൻനിര വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റിയത് വരുണാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

2024-25 കാലഘട്ടത്തിൽ 27 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ഒരു 'മോഡേൺ ഡേ ഗ്രേറ്റ്' ആണെന്ന് ശ്രീകാന്ത് വിശേഷിപ്പിച്ചു. "തമിഴ്‌നാട്ടുകാരനായതുകൊണ്ടല്ല ഞാൻ ഇത് പറയുന്നത്, മറിച്ച് അദ്ദേഹത്തിന്റെ കഴിവിനെ മാനിച്ചാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ബുമ്ര എങ്ങനെയായിരുന്നോ, അതുപോലെയാണ് ഇപ്പോൾ വരുൺ," ശ്രീകാന്ത് വ്യക്തമാക്കി. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആവാൻ ഏറ്റവും സാധ്യതയുള്ള താരം വരുണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.