- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവസരം ലഭിക്കുമ്പോഴൊക്കെ റൺസ് അടിക്കുന്ന ഗെയ്‌ക്‌വാദ് പുറത്ത്'; തല്ലുവാങ്ങികൂട്ടുന്ന ആ ഓൾറൗണ്ടർ ടീമിൽ; ടീം പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ
ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തി. മികച്ച ഫോമിലുള്ള ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിനെ തഴഞ്ഞ് നിതീഷ് കുമാർ റെഡ്ഡിയെ ടീമിലെടുത്തതിനെതിരെയാണ് മുൻ ഇന്ത്യൻ താരങ്ങളായ എസ് ബദ്രിനാഥും എസ് രമേശും ചോദ്യങ്ങളുയർത്തുന്നത്. സെലക്ഷൻ നയത്തിൽ വ്യക്തമായ അസ്ഥിരതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ബദ്രിനാഥ് പ്രതികരിച്ചത് ഇങ്ങനെ: "രവീന്ദ്ര ജഡേജയെയും വാഷിംഗ്ടൺ സുന്ദറിനെയും പോലുള്ള ഓൾറൗണ്ടർമാർ ടീമിലുള്ളപ്പോൾ നിതീഷ് കുമാർ റെഡ്ഡിയെ എന്തിനാണ് ഉൾപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല. നിതീഷ് ഓൾറൗണ്ടറാണെന്ന് പറയുമ്പോഴും പന്തുകൊണ്ട് എല്ലാ മത്സരങ്ങളിലും തല്ലുവാങ്ങുകയാണ്. അവസരം ലഭിക്കുമ്പോഴൊക്കെ റൺസ് കണ്ടെത്തുന്ന ഗെയ്‌ക്‌വാദിനെ പുറത്തിരുത്തുന്നത് അംഗീകരിക്കാനാകില്ല."
മുൻ ഇന്ത്യൻ ഓപ്പണർ എസ് രമേശും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഇന്ത്യയിൽ നടക്കുന്ന പരമ്പരയ്ക്ക് അഞ്ചാമതൊരു പേസ് ബൗളറുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. റായ്പൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം നമ്പറിൽ ഇറങ്ങി 83 പന്തിൽ 105 റൺസ് നേടിയ ഗെയ്‌ക്‌വാദിന്റെ മികച്ച പ്രകടനം രമേശ് ഓർമ്മിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഗെയ്‌ക്‌വാദ് മികച്ച ഫോമിലാണെന്നും, ശ്രേയസ് അയ്യർ ഫിറ്റ്നസ് തെളിയിച്ചാലും ഇല്ലെങ്കിലും ഗെയ്‌ക്‌വാദ് ടീമിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും രമേശ് കൂട്ടിച്ചേർത്തു.
ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലാണ് നിതീഷ് കുമാർ റെഡ്ഡിക്ക് ടീമിൽ ഇടം ലഭിച്ചത്. എന്നാൽ, ഇതുവരെ കളിച്ച രണ്ട് ഏകദിനങ്ങളിൽ നിന്ന് വെറും 27 റൺസ് മാത്രമാണ് താരം നേടിയത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനും അദ്ദേഹത്തിനായിട്ടില്ല. നാല് പ്രധാന പേസർമാരുള്ള ടീമിൽ നിതീഷിന് എത്രത്തോളം അവസരം ലഭിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.




