- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പണം ചിലവാക്കിയത് ഒരു ഓൾറൗണ്ടർക്ക് വേണ്ടി, ലഭിക്കുന്നത് ഒരു ബാറ്ററെ മാത്രം'; ബൗൾ ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ല; ഗ്രീനിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ

മുംബൈ: ഐപിഎല്ലിൽ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയിട്ടും കൊൽക്കത്തയ്ക്കായി പന്തെറിയാൻ തയ്യാറാകാത്ത ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെതിരെ മുൻ താരങ്ങളുടെ വിമർശനം. 25.2 കോടി രൂപയുടെ വൻ തുകയ്ക്ക് ടീമിലെത്തിയ താരം മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിലും നിരാശപ്പെടുത്തിയിരുന്നു. 10 പന്തിൽ 18 റൺസ് മാത്രമാണ് താരം നേടിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും താരത്തിനെതിരെ പ്രതിഷേധം കടുത്തത്.
മത്സരശേഷം ഗ്രീൻ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന കമന്റേറ്ററുടെ ചോദ്യത്തിന്, "അക്കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കണം" എന്നായിരുന്നു കൊൽക്കത്ത നായകൻ രഹാനെയുടെ പ്രതികരണം. ഈ മറുപടി വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു. ഗ്രീനിന്റെ നടപടിക്കെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
"നിങ്ങൾ പണം ചിലവാക്കിയത് ഒരു ഓൾറൗണ്ടർക്ക് വേണ്ടിയാണ്. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്നതോ ഒരു ബാറ്ററെ മാത്രവും. അങ്ങനെയെങ്കിൽ ആ പണം തിരികെ ചോദിക്കാൻ ടീമിന് അവകാശമുണ്ട്." - ആകാശ് ചോപ്ര. ഗ്രീനിനെ ഒരു ബാറ്ററായി മാത്രമാണ് ടീം കണ്ടതെങ്കിൽ കുഴപ്പമില്ലെന്നും, മറിച്ച് ഓൾറൗണ്ടർ എന്ന നിലയിലാണെങ്കിൽ ബൗൾ ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സണും വ്യക്തമാക്കി.
വിമർശനം കടുത്തതോടെ വിശദീകരണവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ലോവർ ബാക്കിനേറ്റ പരിക്കാണ് വില്ലനായതെന്നാണ് ബോർഡിന്റെ വിശദീകരണം. നിലവിൽ പരിക്ക് ഗുരുതരമല്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ കുറച്ചു കാലത്തേക്ക് ബൗളിങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ തുടരുന്ന താരം ബൗളിങ് വർക്ക്‌ലോഡ് ക്രമേണ വർധിപ്പിക്കുന്ന രീതിയിലുള്ള പരിശീലനത്തിലാണ്. ഏകദേശം പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളിൽ ഗ്രീൻ പൂർണ്ണ സജ്ജനായി ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


