- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ ഗ്രേറ്റ് ഇന്ത്യന്‍ മാജിക്ക്! കാണ്‍പൂരിലെ വിജയത്തില്‍ നിര്‍ണ്ണായകമായത് 9 വര്‍ഷത്തിന് ശേഷം ഇന്ത്യയെടുത്ത ആ തീരുമാനം; കോച്ചിനും ക്യാപ്റ്റനും കൈയ്യടിച്ച് ക്രിക്കറ്റ് ആരാധകര്‍;കാണ്‍പൂര്‍ ടെസ്റ്റ് ചരിത്രമാകുന്നത് ഇങ്ങനെ
ദ ഗ്രേറ്റ് ഇന്ത്യന്‍ മാജിക്ക്! കാണ്‍പൂരിലെ വിജയത്തില്‍ നിര്‍ണ്ണായകമായത് 9 വര്‍ഷത്തിന് ശേഷം ഇന്ത്യയെടുത്ത ആ തീരുമാനം
കാണ്‍പൂര്‍: അഞ്ചുദിനങ്ങുടെ ഭൂരിഭാഗവും മഴ കൊണ്ടുപോയ ടെസ്റ്റ് എന്നിട്ടും കിട്ടിയ രണ്ടു ദിവസത്തില്‍ ഒന്നര ദിവസം കൊണ്ട് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരിക്കുന്നു.അവിശ്വസനീയം എന്നല്ലാതെ മറ്റൊരു വാക്കും മതിയാവില്ല ഈ വിജയത്തെ വിശേഷിപ്പിക്കാന്‍.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തന്നെ ഈ മത്സരഫലത്തെ ആശ്രയിച്ചിരിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലായിരുന്നു ഇന്ത്യക്ക്.
ബാറ്റിങ്ങ് കരുത്തുകൊണ്ട് മാത്രമല്ല ഇന്ത്യ ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്.ബാറ്റിങ്ങിനൊപ്പം തന്നെ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ മികച്ചുനിന്നു.ഷാക്കിബ് ഉള്‍ ഹസനെ പുറത്താക്കാന്‍ സിറാജ് എടുത്ത ക്യാച്ചും ലിന്റണ്‍ ദാസിനെ മടക്കിയ രോഹിത്തിന്റെ ക്യാച്ചും ഫീല്‍ഡിങ്ങ് മികവിന് ഉദാഹരമാണ്.ഭൂരിഭാഗവും മഴ അപഹരിച്ചപ്പോള്‍ വീണു കിട്ടിയ രണ്ട് ദിവസത്തില്‍ കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്.പാക്കിസ്ഥാനെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് ഫോമിന്റെ പരകോടിയിലാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വന്നത് എന്നത് മറ്റൊരു വസ്തുത.
ഇവിടെയാണ് ഇന്ത്യന്‍ വിജയം കൂടുതല്‍ മധുരതരമാകുന്നത്.ഇന്ത്യന്‍ കാണ്‍പൂരില്‍ ജയിച്ച് കയറുമ്പോള്‍ അതില്‍ നിര്‍ണ്ണായകമായത് ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനമാണ്.പക്ഷെ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ പോലും നടപ്പാക്കാന്‍ ധൈര്യം കാണിക്കാത്ത ആ തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍ എന്ന കോച്ചിന്റെ ബുദ്ധിസാമര്‍ത്ഥ്യം കൂടി ഉണ്ടെന്ന് പറയാതെ വയ്യ.അതിനാല്‍ തന്നെ ഇരുവര്‍ക്കും കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതായിരുന്നു അ തീരുമാനം.ഹോം ഗ്രൗണ്ട് ടെസ്റ്റില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോസ് വിജയിച്ച ശേഷം ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തത്.2015-ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കേ ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടോസ് നേടിയശേഷം ഇന്ത്യ അവസാനമായി ഹോംഗ്രൗണ്ട് ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്തത്. അതിനാല്‍ത്തന്നെ ഇത്രയും വര്‍ഷത്തെ ഇടവേള കഴിഞ്ഞ് രോഹിത് ബൗളിങ് തിരഞ്ഞെടുത്തതില്‍ പലരും അദ്ഭുതമായിരുന്നു.
ഇന്ത്യ ബാറ്റിങ്ങായിരുന്നു തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഒരുപക്ഷേ ഈ മത്സരം സമനിലയില്‍ കലാശിക്കുമായിരുന്നു.ബൗളിങ് തിരഞ്ഞെടുത്തതിനാല്‍ ബംഗ്ലാദേശിനെ വേഗത്തില്‍ എറിഞ്ഞുതകര്‍ത്ത് അതിനനുസരിച്ചുള്ള കളിശൈലി സ്വീകരിക്കാനായി.
കാന്‍പുരില്‍ ആദ്യമേ മഴ പ്രവചിക്കപ്പെട്ടിരുന്നതിനാല്‍ ബംഗ്ലാദേശിന്റെ കളിനീക്കങ്ങള്‍ക്കനുസരിച്ച് ശൈലി സ്വീകരിക്കാമെന്നായിരിക്കണം രോഹിത്തിന്റെ മനസ്സില്‍.അങ്ങനെ ആദ്യദിനം എറിയാന്‍ കഴിഞ്ഞത് 35 ഓവര്‍ മാത്രം. 107-ന് മൂന്ന് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.
രണ്ടാംദിനം പൂര്‍ണമായ മഴയായതിനാല്‍ കളി നടന്നില്ല. മൂന്നാംദിനം മതിയായ വെയിലില്ലാതെ ഗ്രൗണ്ട് ഉണങ്ങാതായതോടെ അന്നും കളി ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് കിട്ടിയ രണ്ട് ദിവസം ഇന്ത്യ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു.ബംഗ്ലാദേശിന്റെ ബാറ്റിങ് പാടവത്തിനനുസരിച്ച് കളിയുടെ രീതി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന്റെ ഹൈലൈറ്റ്.അതിന് കാരണമായതാവട്ടെ, ടോസിലെടുത്ത നിര്‍ണായകമായ ആ തീരുമാനവും.
നേരിട്ടത് 312 പന്തുകള്‍ മാത്രം.. കാണ്‍പൂര്‍ ടെസ്റ്റ് ചരിത്രമാകുന്നത് എങ്ങിനെ..
ആദ്യ മൂന്നു ദിനം വെറും 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റിലാണ് നാല്, അഞ്ച് ദിവസങ്ങളില്‍ തന്ത്രമൊരുക്കിക്കളിച്ച് ഇന്ത്യ ഐതിഹാസിക ജയം നേടിയത്.നിരവധി കാരണങ്ങളാല്‍ കാണ്‍പൂര്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്.അതില്‍ ഏറ്റവും പ്രധാനം ഏറ്റവും കുറവ് പന്തുകള്‍ കളിച്ച ടെസ്റ്റ് എന്ന നിലയില്‍ നാലാം സ്ഥാനമാണ് ഈ ടെസ്റ്റിന്.1935ല്‍ ബ്രിജ്ടൗണില്‍ ഇംഗ്ലണ്ട് സ്ഥാപിച്ച റെക്കോഡ് 89 വര്‍ഷങ്ങള്‍ക്ക് ശേഷവും തകര്‍ക്കാനാവാതെ തുടരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ 276 പന്തുകള്‍ മാത്രം നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം.
ആദ്യ അഞ്ചില്‍ ഇന്ത്യ രണ്ടുതവണ ഇടംപിടിച്ചിട്ടുണ്ട്.അവ രണ്ടും ഈവര്‍ഷമാണെന്ന പ്രത്യേകതയുമുണ്ട്.ഈ വര്‍ഷമാദ്യം
കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് ഇന്നിങ്‌സിലുമായി 281പന്തുകളില്‍ ഇന്ത്യ വിജയം നേടിയിരുന്നു.300-ല്‍ താഴെ പന്തുകളില്‍ ടെസ്റ്റ് വിജയിച്ച ടീമുകള്‍ ഇന്ത്യയും ഇംഗ്ലണ്ടും മാത്രമാണ്.കാന്‍പുരില്‍ ഇന്നത്തെ ഇന്ത്യയുടെ വിജയം ബംഗ്ലാദേശിനെതിരേ 312 പന്തുകള്‍ നേരിട്ടാണ്.പട്ടികയില്‍ നാലാമതാണിത്.2005-ല്‍ സിംബാബ്വെയ്‌ക്കെതിരേ 300 പന്തുകളില്‍ വിജയംവരിച്ച ദക്ഷിണാഫ്രിക്ക മൂന്നാമതും 1932-ല്‍ മെല്‍ബണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 327 പന്തുകളില്‍ വിജയിച്ച ഓസ്‌ട്രേലിയ അഞ്ചാമതുമാണ്
107ന് മൂന്ന് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നാലാംദിനം 233-ന് പുറത്തായി.50 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്ത ബുംറ മികവ് കാട്ടി.ബംഗ്ലാദേശ് നിരയില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും മറുവശത്ത് മോമിനുല്‍ ഹഖ് സെഞ്ചുറിയുമായി (107*) പിടിച്ചുനിന്നു.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രോഹിത്, ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കോലി എന്നിവരുടെയെല്ലാം ബലത്തില്‍ 34.4 ഓവറില്‍ 285-ന് ഒന്‍പത് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ ലീഡ്.
രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 146 റണ്‍സില്‍ ചുരുട്ടിക്കെട്ടി. 17 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ബുംറ, 34 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ജഡേജ, 50 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടിയ ആകാശ്ദീപ് എന്നിവരാണ് ബംഗ്ലാദേശിനെ പെട്ടെന്ന് തകര്‍ത്തത്. തുടര്‍ന്ന് 95 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു.